Top

'അതിതീവ്ര മഴ ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡ് വശത്തെ ചാലുകള്‍ക്കും കഴിയുന്നില്ല'; നഷ്ടം 300 കോടിയുടേതെന്ന് മന്ത്രി റിയാസ്

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്ന്, രണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണുളളതെന്നും മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

17 Sep 2022 3:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിതീവ്ര മഴ ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡ് വശത്തെ ചാലുകള്‍ക്കും കഴിയുന്നില്ല; നഷ്ടം 300 കോടിയുടേതെന്ന് മന്ത്രി റിയാസ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള 'റിംഗ് റോഡ്' ഫോൺ-ഇൻ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്ന്, രണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണുളളതെന്നും മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ജൂലായ് ഒന്നു മുതൽ 11 വരെ 373 മില്ലിമീറ്റർ മഴയാണ് ലഭിച്ചിട്ടുളളത്. ഇത് സാധാരണഗതിയിൽ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 മുതൽ 5 വരെ ലഭിച്ച മഴ 126 ശതമാനം അധികമാണെന്നും ഓഗസ്റ്റ് 22 മുതൽ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രതിദിന മഴയുടെ പാറ്റേണിൽ വലിയ മാറ്റം സംഭവിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. അതിതീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ വന്ന് റോഡുകൾ തകരുകയാണ്. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണമെന്നും ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

12 റിംഗ് റോഡ് ഫോൺ-ഇൻ പരിപാടികളാണ് കഴിഞ്ഞ 15 മാസങ്ങൾക്കിടെ നടത്തിയത്. ഇതുവരെ പൊതുമരാമത്ത് വകുപ്പുമായി മാത്രം ബന്ധപ്പെട്ട് 270 ഓളം പരാതികൾ ലഭിച്ചതായും ഇതിൽ വലിയ ശതമാനം പരിഹരിക്കാൻ സാധിച്ചതായും മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടന്ന ഫോൺ-ഇൻ പരിപാടിയിൽ 22 പരാതികളാണ് വന്നത്. ഇതിൽ 19 പരാതികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതാണ്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ആ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും കരാറുകാരിൽ ഭൂരിഭാഗം പേരും നല്ല രീതിയിൽ കാര്യങ്ങൾ നടന്നു പോകണം എന്ന രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷം തെറ്റായ പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇതു വച്ച് മൊത്തം വകുപ്പ് പ്രശ്‌നമാണ് എന്ന് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് റോഡ് നിർമാണത്തിലോ അറ്റകുറ്റപ്പണിയിലോ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയാൽ അത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: 'Land and roadside ditches unable to absorb extreme rainfall'; Minister Riaz said that the loss is 300 crores

Next Story