'വിളിക്കാത്തിടത്തേക്ക് എങ്ങനെ പോകും?'; കെവി തോമസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
17 April 2022 5:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. വിളിക്കാത്തിടത്തേക്ക് എങ്ങനെ പോകുമെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. എഐസിസി അംഗവും സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെവി തോമസിന് നാളത്തെ യോഗത്തിലേക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് പ്രതികരണം. നാളെ രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തിലേക്ക് കെവി തോമസ് ഒഴികെ മറ്റ് 21 പേര്‍ക്കും ക്ഷണമുണ്ട്.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തോമസിനെതിരായ നടപടി ഇപ്പോള്‍ എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. കെപിസിസി പ്രസിഡന്റിന്റെ ശുപാര്ശയിന്മേല് അച്ചടക്ക സമിതി കെവി തോമസില്‍ നിന്നും വിശദീകരണം തേടിയിരിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസില്‍ ഇന്ന് രാത്രി വിശദീകരണം നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു.
ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നായിരുന്നു അച്ചടക്ക സമതിയുടെ നിര്‍ദ്ദേശം. എന്നാല്‍, തനിക്ക് വിശദീകരണം നല്കാന് ഏഴ് ദിവസം പോലും വേണ്ട, 48 മണിക്കൂര്‍ മാത്രം മതി എന്നായിരുന്നു കെവി തോമസിന്റെ പരസ്യപ്രതികരണം. എന്നാല്‍, ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയകാര സമതിയിലേക്ക് കെവി തോമസിന് ക്ഷണമില്ലാത്തത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ഒപ്പമുണ്ടായിരുന്നിട്ടും കെവി തോമസിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചുചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന സാഹചര്യം പോലുമുണ്ടായിരുന്നു.