Top

സൈനസൈറ്റിസിനെ തിരിച്ചറിയാം, അകറ്റാം

ജലദോഷമുള്ളപ്പോൾ അനുഭവപ്പെടുന്ന തലവേദനയിൽ നിന്നും വ്യത്യസ്‍തമായി സൈനസൈറ്റിസിന്റെ തലവേദനയിൽ മുഖത്തും പ്രത്യേക തരം വേദന അനുഭവപ്പെടുമെന്നാണ് ഇഎൻടി കൺസൾട്ടന്റ്റ് ഡോ ഉമാലക്ഷ്മി ദാമോദർ സൂചിപ്പിക്കുന്നത്.

3 Feb 2022 7:49 AM GMT
നിഷ അജിത്ത്

സൈനസൈറ്റിസിനെ തിരിച്ചറിയാം, അകറ്റാം
X

സൈനസൈറ്റിസിനെ സാധാരണ ജലദോഷത്തിൽ നിന്ന് നമുക്ക് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാറില്ല. അതുകൊണ്ട് ജലദോഷത്തിനും സൈനസൈറ്റിസിനും മിക്കവാറും ഒരേപോലെയാണ് നമ്മളിൽ പലരും സ്വയം ചികിത്സ നൽകുന്നത്. ഈ ആശയകുഴപ്പത്തെ മറികടക്കാനുള്ള ഏറ്റവും എളുപ്പവഴി രണ്ടു അവസ്ഥയിലും പൊതുവായി കാണപ്പെടുന്ന തലവേദനയെ ഒന്ന് നിരീക്ഷിക്കുന്നതാകും. ജലദോഷമുള്ളപ്പോൾ അനുഭവപ്പെടുന്ന തലവേദനയിൽ നിന്നും വ്യത്യസ്‍തമായി സൈനസൈറ്റിസിന്റെ തലവേദനയിൽ മുഖത്തും പ്രത്യേക തരം വേദന അനുഭവപ്പെടുമെന്നാണ് ഇഎൻടി കൺസൾട്ടന്റ്റ് ഡോ ഉമാലക്ഷ്മി ദാമോദർ സൂചിപ്പിക്കുന്നത്.

തലയോട്ടിയിൽ കാണപ്പെടുന്ന വായു നിറഞ്ഞ അറകളെയാണ് സൈനസ് എന്ന് വിളിക്കുന്നത്. ഇവ മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന അറകളാണ്. ഇവയെ ബാധിക്കുന്ന അണുബാധയെയാണ് സൈനസൈറ്റിസ് എന്ന് വിളിക്കുന്നത്. നേരത്തെ സൂചിപ്പിച്ച തലവേദന കൂടാതെ പലരിലും മൂക്കൊലിപ്പ്, മൂക്കടപ്പ്, മുഖത്തുണ്ടാകുന്ന നീർക്കെട്ട്, ചിലപ്പോൾ പനി, ചിലരിൽ കഫക്കെട്ടും ഉണ്ടാകാറുണ്ട്.

സൈനസൈറ്റിസ് തന്നെ പല തരത്തിൽ കാണപ്പെടുന്നുണ്ട്. അക്യൂട്ട് സൈനസൈറ്റിസ് (Acute Sinusitis) അഥവാ തീവ്രവേദനയോടെ പൊടുന്നനെ തുടങ്ങുന്നത്. തലവേദനയും പനിയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. മറ്റൊരു വിഭാഗമായ ക്രോണിക് സൈനസൈറ്റിസ് (Chronic Sinusitis ) നാളുകളായി തുടരുന്ന, പഴക്കമുള്ള രോഗത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ സാധാരണയായി പനി അനുഭവപ്പെടാറില്ലെങ്കിലും തലവേദന, കഫം വായിലേക്ക് ഇറങ്ങി വരിക, തലക്കും, മുഖത്തും അനുഭവപ്പെടുന്ന ഭാരം എന്നിവ ലക്ഷണങ്ങളാണ്.

മൂന്നാമതൊരു വിഭാഗം പ്രത്യേക സൈനസുകളെ മാത്രം ബാധിക്കുന്നവയാണ്. അതായത് കണ്ണിന് താഴെയായി സ്ഥിതി ചെയ്യുന്ന സൈനസിലുണ്ടാകുന്ന അണുബാധ, ഒരുപക്ഷെ പല്ലുവേദനക്കും, പല്ലിനുണ്ടാകുന്ന വേദന ചിലപ്പോൾ ഈ സൈനസിനെ ബാധിക്കുന്ന അണുബാധയാകാനും സാധ്യതയുണ്ട്. ഇത്തരം സൈനസൈറ്റിസ് ബാക്കിയുള്ള സൈനസിനെ ബാധിക്കണമെന്നില്ല. പക്ഷെ ലക്ഷണങ്ങളിൽ ഇത്തരം ചില വ്യത്യാസങ്ങൾ കണ്ടേക്കാം. ഐസൊലേറ്റഡ് സൈനസൈറ്റിസ് (Isolated Sinusitis) എന്നാണിവയെ വിശേഷിപ്പിക്കുക.

ഒരു പാരാ നേസൽ സൈനസിസ് എക്സ് റേയോ, എൻഡോസ്‌കോപ്പിയോ, സിടി സ്കാൻ വഴിയോ ഏതുതരം സൈനസൈറ്റിസ് ആണ് തങ്ങൾക്കുള്ളതെന്ന് തിരിച്ചറിയാനാകും. രോഗം ഏതാണെന്നു തിരിച്ചറിഞ്ഞതിന് ശേഷം ചിലരിൽ മരുന്നുകൾ വഴി, എൻഡോസ്‌കോപ്പി വഴി, മറ്റു ചിലരിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയും ഇത്തരം അവസ്ഥയെ നിയന്ത്രണത്തിലാക്കാൻ സാധിക്കും.

സൈനസൈറ്റിസിനെ ചികിത്സിക്കാതെ വിടുന്നത് താരതമ്യേന ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെങ്കിലും ചിലരിൽ ഉടനടി ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹ രോഗബാധിതർ, കരൾ രോഗങ്ങളുള്ളവർ, ജന്മനാ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ സൈനസൈറ്റിസിന്റേതായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അല്പം പോലും വൈകാതെ വരുതിയിലാക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. അല്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അത് നയിച്ചേക്കാം.

സൈനസൈറ്റിസിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം, അലര്‍ജി, ശുദ്ധവായു ഇല്ലായ്മ, പൊടിപടലങ്ങള്‍, തണുപ്പുള്ള കാലാവസ്ഥ, എ.സി യുടെ നിരന്തര ഉപയോഗം തുടങ്ങി ബാഹ്യമായ പല ഘടകങ്ങളും കണ്ടെത്താനാകും. കൂടാതെ മൂക്കിന്റെ പാലത്തിനുള്ള വളവ് ചിലരിൽ സൈനസൈറ്റിസിനു കാരണമാകുമ്പോൾ, മൂക്കിൽ കാണപ്പെടുന്ന ദശയും ചില സാഹചര്യങ്ങളിൽ സൈനസൈറ്റിസിലേക്ക് എത്തിക്കാറുണ്ട്. സൈനസ് അറകൾ തുറക്കുന്നത് മൂക്കിനകത്തേക്കായതിനാൽ ഇത്തരം വളർച്ചകളും, വളവുകളും സൈനസിന്റെ നീരൊഴുക്കിന്‌ തടസ്സമാകും. തുടർന്ന് അതവിടെ കെട്ടികിടക്കാനും അണുബാധയുണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

അനാരോഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഏതൊരു രോഗിയെയും പോലെ സൈനസൈറ്റിസ് ബാധിതരും ഈ കൊവിഡ് കാലത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് ഡോ ഉമാലക്ഷ്മി മുന്നറിയിപ്പ് നൽകുന്നു. ഇവർക്ക് പ്രതിരോധശക്തി കുറവാണ് എന്നതിനാൽ ചെറിയൊരു ജലദോഷത്തിന് പോലും ഉടനടി ചികിത്സ തേടേണ്ടതാണ്.
Next Story