Top

കേട്ടിട്ടുണ്ട് കേരളത്തിന്റെ മഞ്ഞപ്പടയെ കുറിച്ച്, അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു...

ബ്ലാസ്റ്റേഴ്സിന്റെ മാറ്റത്തെ കുറിച്ചും പുതിയ തന്ത്രങ്ങളെ കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ അമരക്കാരനായ ബോസ്നിയന്‍ താരം എനെസ് സിപോവിച്ച്.

2 March 2022 7:30 AM GMT
ഇഖ്ബാല്‍ അറക്കല്‍

കേട്ടിട്ടുണ്ട് കേരളത്തിന്റെ മഞ്ഞപ്പടയെ കുറിച്ച്, അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു...
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഇന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പരിചയപ്പെടുത്തേണ്ടതില്ല. അത്രയും സംഭവബഹുലമായിരുന്നു ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര. ആദ്യ സീസണലിലെ ഫൈനലിസ്റ്റുകളായിരുന്ന ബ്ലാസ്റ്റേഴ്സ് ഇന്നിതാ ഒട്ടേറെ വിജയങ്ങളും താഴ്ചകളും താണ്ടി ഈ സീസണിലെ അവസാന നാലില്‍ എത്താന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഇന്നത്തെ എല്ലാ ഉയര്‍ച്ചയ്ക്കും ബ്ലാസ്റ്റേഴ്സിനും വലിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡേവിഡ് ജയിംസ് മുതല്‍ കോപ്പലും ഷറ്റോരിയും കിബു വികൂനയും തുടങ്ങി ഒട്ടേറെ പരിശീലകരെ മാറ്റി മാറ്റി പരീക്ഷിച്ച ടീമിന്ന് ഇവാന്‍ വാകോമിനോവിച്ചിന്റെ മേല്‍നോട്ടത്തിലാണ്. ഇയാന്‍ ഹ്യൂമും, റാഫിയും, പീറ്റേഴ്സണും, ജിങ്കനും, ബെര്‍ബറ്റോയും, ജോസുവും, ജര്‍മ്മനും, ബെല്‍ഫോര്‍ട്ടും, ഓഗ്ബെച്ചയുമെല്ലാം അണിഞ്ഞൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി ഇതാ സഹലിന്റെയും, ലൂണയുടെയും, പെരേര ഡയസിന്റെയും, വാസ്‌ക്വസിലൂടെയും, എനെസ് സിപോവിച്ചിലൂടെയും വീണ്ടും വര്‍ണശോഭയോടെ ജ്വലിക്കുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ നോട്ടംമുഴുവന്‍ ഈ ദക്ഷിണേന്ത്യന്‍ ടീമിലേക്ക് വീണ്ടും പതിക്കുന്നു.

ഈ സീസണില്‍ ഇവാന്‍ വാക്കുമിനോവിച്ചിന്റെ കീഴില്‍ ഇത്രയും കാലം കണ്ടിട്ടിലാത്ത ബ്ലാസ്റ്റേഴ്സിനെയാണ് ഫുട്ബോള്‍ ലോകം കണ്ടത്. തുടര്‍ച്ചെയുള്ള ജയങ്ങള്‍, ഒത്തിണക്കത്തോടെയുള്ള കളി, മികച്ച പ്രതിരോധ നിര, യുവ താരങ്ങളുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മികവ് എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്സ് മാറിയിരിക്കുന്നു.

ബ്ലാസ്റ്റേഴ്സിന്റെ മാറ്റത്തെ കുറിച്ചും പുതിയ തന്ത്രങ്ങളെ കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ അമരക്കാരനായ ബോസ്നിയന്‍ താരം എനെസ് സിപോവിച്ച്.


ഐ.എസ്.എല്ലില്‍ ചെന്നൈയിനില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു?

ചെന്നൈയിനാണ് ഇന്ത്യയിലെ എന്റെ ആദ്യത്തെ ക്ലബ്. ഇന്ത്യന്‍ ഫുട്ബോളിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കഴിഞ്ഞ സീസണലില്‍ തുടക്കത്തില്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിരുന്നില്ല. തുടക്കം മുതല്‍ നന്നായി ആസ്വദിച്ചാണ് ഞാന്‍ കളിച്ച് തുടങ്ങിയത്. എന്റെ ഭാര്യയയുമുണ്ട് എന്റെ കൂടെ. ഞങ്ങള്‍ രണ്ടാളും നന്നായി ആസ്വദിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്സ്.

പ്രതിരോധപ്പിഴവുകളായിരുന്നു മുന്‍കാലങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ദൗര്‍ബല്യം, ഇപ്പോള്‍ നേരെ തിരിച്ചും. ഇതെങ്ങനെ സാധിച്ചു?

ഒരോ ടീമിലും നിരവധി താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. വിദേശ താരങ്ങളുള്‍പ്പെടെയാണ് പറയുന്നത്. ആദ്യം തന്നെ പറയേണ്ടത്, താരങ്ങള്‍ എല്ലാവരും വളരെ നല്ല കളി മികവുള്ളവരാണ്. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച കളി പുറത്തെടുക്കാന്‍ വളരെ നല്ല ഒത്തിണക്കം വേണം. താരങ്ങള്‍ പരിശ്രമിക്കണമെങ്കില്‍ അവര്‍ തമ്മില്‍ നല്ല ഒത്തിണക്കം വേണം. ഞങ്ങള്‍ അതിനാണ് പരിശ്രമിച്ചത് തുടക്കം മുതല്‍ തന്നെ. ഒറ്റയ്ക്കുള്ള പ്രകടനം അല്ല ടീമിന്റെ ഉയര്‍ച്ചയ്ക്കാണ് എല്ലാവരും പരിശ്രമിച്ചത്. ഇന്ത്യന്‍ താരം വിദേശ താരം എന്ന് വേര്‍തിരിവില്ലാതെ ഞങ്ങള്‍ ഒത്തിണക്കത്തോടെയാണ് ഞങ്ങള്‍ കളിച്ചത്. അത് വിജയിക്കുകയും ചെയ്തു. ഈ ഒത്തിണക്കം ഞങ്ങളുടെ എല്ലാവരുടെയും മികച്ച കളി പുറത്തെടുക്കാന്‍ സഹായിച്ചു.

പ്രതിരോധത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഖബ്ര, ജീക്സണ്‍, ജെസല്‍ എന്നിവരുടെ പ്രകടനം വിലയിരുത്തിയാല്‍?

ഇവര്‍ മൂന്നുപേരും മികച്ച താരങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ നല്ല ഫുട്ബോള്‍ തന്നെയായിരുന്നു പുറത്തെടുത്തിരുന്നത്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം ഞങ്ങള്‍ ഒരു താരത്തെ മാത്രം ഫോക്കസ് ചെയ്തിട്ടല്ലായിരുന്നു കളിച്ചിരുന്നത്. എല്ലാവരും പരിശ്രമിക്കുന്നുണ്ട്. കോച്ച് തരുന്ന ഐഡിയയും ടെക്നിക്കല്‍ കാര്യങ്ങളും ഒരു പോലെ തന്നെ എല്ലാവരും ശ്രദ്ധിച്ച് കളിക്കുന്നുണ്ട്. എങ്ങനെ ഒരു ബോള്‍ എടുക്കണം, എങ്ങനെ അത് പാസ് ചെയ്യണം, എങ്ങനെ ഒരു ബോള്‍ എടുത്ത് മുന്നേറണം എന്നെല്ലാം ഞങ്ങള്‍ ഒരു പോലെയാണ് പരിശീലിക്കുന്നത്. ഇന്നയിന്ന താരങ്ങള്‍ എന്നല്ല. പ്രതിരോധത്തിലെ എല്ലാവരും ഒരുമിച്ച് ശ്രദ്ധിച്ചു കളിക്കുക. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. രാത്രിയില്‍ വിളിച്ചു കളിക്കാന്‍ പറഞ്ഞാലും എല്ലാവരും ഒരുപോലെ കളിക്കും. ഇതിനുള്ള എല്ലാ ക്രെഡിറ്റും കോച്ചിനാണ്. അദ്ദേഹത്തിന്റെ കഴിവാണിതിന് കാരണം. ഇത് പ്രതിരോധം മികച്ചതാക്കി.


ലെസ്‌കോവിച്ച്-സിപോവിച്ച് സഖ്യം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. എന്താണ് ആ കോമ്പോയുടെ രഹസ്യം ?

മാര്‍ക്കോയും ഞാനും ഒരേ പ്രദേശത്ത് നിന്ന് വരുന്നവരാണ്. അതായത് മുമ്പുള്ള യുഗോസ്ലൊവാക്യ. ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് ഒരേ രാജ്യക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇരുവരും ഭാഷക്കൊണ്ടും എല്ലാം കൊണ്ടും ഞങ്ങള്‍ വളരെ അടുപ്പമുണ്ട്. അതു കൊണ്ട് ഞങ്ങള്‍ രണ്ടാള്‍ക്കും കളിയിലെ കാര്യങ്ങള്‍ നന്നായി ചര്‍ച്ചചെയ്യാനും തെറ്റുകള്‍ തിരുത്താനും കഴിഞ്ഞു. മാര്‍ക്കോ മാത്രമല്ല പ്രതിരോധത്തില്‍ കളിച്ച് ഞങ്ങള്‍ എല്ലാവരും ഇത് പോലെ ഒത്തിണക്കമുണ്ടായിരുന്നു.

ആക്രമണമാണ് മികച്ച പ്രതിരോധം എന്നൊരു ചൊല്ലുണ്ട്? ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോള്‍ ഇതില്‍ ഏതെന്നു പറയാനാകുന്നില്ലല്ലോ?

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നെയാണ് ഇതിന് ക്രെഡിറ്റ് കൊടുക്കേണ്ട്ത്. എല്ലാതവണയും ഏതേലും താരത്തെ വെറുതെ ടീമിലെത്തിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ അതായിരുന്നില്ല സംഭവിച്ചിരുന്നത്. ഒരേ പോലെ ചിന്തിക്കാന്‍ കഴിയുന്ന ഒരേ പോലെ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന താരങ്ങളെയാണ് ടീം മാനേജ്മെന്റ് ഇത്തവണ ടീമിലെത്തിച്ചത്. മുന്നേറ്റ നിരയുടെ കളി കണ്ടാല്‍ തന്നെ അത് മനസ്സിലാക്കാന്‍ കഴിയും. ഗോള്‍ കണ്ടെത്താന്‍ കഴിയുന്നതും കളി മാറിയതും ഇതു കൊണ്ടാണ്. കളിക്കിടയില്‍ നല്ല ഒരു കമ്മ്യുണിക്കേഷന്‍ ഞങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു ഇത് കൊണ്ട്.

ലൂണ-വാസ്‌ക്വസ്-ഡയസ് ത്രയത്തെ എങ്ങനെ വിലയിരുത്താം?

അതേ, അതേ, ഞാന്‍ വീണ്ടും വീണ്ടും എത്തുന്നത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ കുറിച്ചാണ്. ഇത്തവണ ഒരേ ഭാഷ സംസാരിക്കുന്ന താരങ്ങളെയെടുക്കുന്നതില്‍ അവര്‍ വിജയിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവര്‍ മൂന്നുപേരും. ഒരേ ഭാഷാ സംസാരിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ക്ക് ആദ്യ മുതല്‍ തന്നെ വളരെ മികച്ച ടീം പ്ലേ പുറത്തെടുക്കാന്‍ കഴിഞ്ഞു. ഇത് മാത്രമല്ല ഇവര്‍ മൂന്നുപേരും അവരവരുടെ കളിയില്‍ പ്രത്യേകത കണ്ടെത്തി അത് ടീമിനായി നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞവരാണ്. വാസ്‌ക്വസിന്റെ ഷോട്ടുകളാണ് അദ്ദേഹത്തിന്റെ മികവ്. ലൂണയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെത് മികച്ച പാസുകളാണ്. പെരേരയുടെതാണങ്കില്‍ മികച്ച ഫിനിഷിംഗാണ്. പരിശീലനത്തിന്റെ സമയത്ത് പോലും അവരുടെ ഒത്തിണക്കത്തിന്റെ മികവ് ഞങ്ങളെ അതിശയിപ്പിച്ചിരുന്നു.


ടീമിന്റെ പ്രകടനത്തില്‍ കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ സ്വാധീനം എത്രത്തോളം?

വളരെ നല്ല കോച്ചിനെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹം ഒട്ടും കടുംപിടുത്തകാരനല്ല. പക്ഷേ കളിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടനവധി ഐഡിയാസ് ഉണ്ടായിരുന്നു. അത് എല്ലാ കളിക്കാര്‍ക്കും അദ്ദേഹം ഒരു പോലെ നല്‍കിയിരുന്നു. കളിയുടെ കാര്യത്തില്‍ മാത്രമല്ല താരങ്ങളുടെ ഫിസിക്ക് പോലും അദ്ദേഹം നന്നായി നോക്കിയിരുന്നു. ഗ്രൗണ്ടിന്റെ പുറത്തും അദ്ദേഹം നല്ല സൗഹൃദത്തോടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. തമാശകളും സംഗീതവുമെല്ലാം ഞങ്ങള്‍ ഒരേ പോലെ ആസ്വദിച്ചിരുന്നു. ടീമിലെ എല്ലാവരെയും അദ്ദേഹം ഒരു പോലെ കൊണ്ടു പോയിരുന്നു. പ്രത്യേകിച്ച് മാനേജ്മെന്റിനെ പോലും അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം ചെയ്യേണ്ടതെല്ലാം അദ്ദേഹം നന്നായി ചെയ്തു.

ഐ.എസ്.എല്ലിലേത് മോശം റഫറീയിങ് ആണെന്ന് അഭിപ്രായമുണ്ടോ? കോച്ച് പലകുറി റഫറിമാരെ വിമര്‍ശിച്ചിരുന്നു.

ഇല്ല അങ്ങനെയൊന്നുമില്ല. കുട്ടികളുടെ കളികളില്‍ പരാതി പറയുന്നത് പോലെയൊന്നുമല്ല ഇവിടെ. ഞങ്ങള്‍ ഒരു നിമിഷം ചിലപ്പോള്‍ പരാതികള്‍ ഗ്രൗണ്ടില്‍ ഉന്നയിക്കും അതെല്ലാം കളിയുടെ ഭാഗമാണ്. അതെല്ലാം സാധാരണയാണ്. അതില്‍ ഒന്നും കാര്യമില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഴിഞ്ഞ കളിയില്‍ നമ്മള്‍ കണ്ടതല്ലെ റഫറിയുടെ തീരുമാനങ്ങളും താരങ്ങളുടെ കളിക്കിടയിലെ പ്രതികരണവുമെല്ലാം ഇതെല്ലാം സര്‍വസാധാരണമാണ്. അതില്‍ കൂടുതാലായി ഒന്നുമില്ല. റഫറിയുടെ തീരുമാനങ്ങളില്‍ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. റഫറിമാര്‍ കളി നന്നായി വിലയിരുത്തി തന്നെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അതില്‍ ഒന്നും നെഗ്റ്റീവായിട്ട് ഒന്നും തോന്നിയിട്ടില്ല.

കൊച്ചിയിലെ നിറഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടോ?

അതേ ഒരുപാട് കേട്ടിട്ടുണ്ട് കേരളത്തിന്റെ മഞ്ഞപ്പടയെ കുറിച്ച്. അവരെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ മോശം പ്രകടനം കാഴ്ചവെച്ചാല്‍ പോലും അവര്‍ നല്ല സപ്പോര്‍ട്ടാണ് തന്നിരുന്നത്. ലോകത്തിന്റെ നിരവധി സ്ഥലങ്ങളിലുള്ള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആശംസകളുമായി എത്താറുണ്ട്. അവരോടെല്ലാം വളരെ സ്നേഹമാണ് തോന്നുന്നത്. അടുത്ത വര്‍ഷമെങ്കിലും അവര്‍ക്കെല്ലാം കൂടെ ഒരുമിച്ച് ബ്ലാസ്റ്റേഴ്സ് ആയി കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരാണ് ഞങ്ങളുടെ ശക്തി.

ഇന്ത്യന്‍ യുവതാരങ്ങളായ സഹല്‍, ഹോര്‍മിപാം, വിന്‍സി, ജീക്‌സണ്‍... ഇവര്‍ ഇനി എത്രത്തോളം മെച്ചപ്പെടാനുണ്ട്?

എനിക്ക് തോന്നുന്നത് ബ്ലാസ്റ്റേഴ്സാണ് ഒരുപാട് യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയ ടീമെന്ന്. അത്രയും യുവ താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിക്കുന്നത്. അവരെല്ലാം വളരെ നല്ല കഴിവുള്ള താരങ്ങളാണ്. മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കുന്നവരാണ്. സഹല്‍ ആയാലും ഹോര്‍മിപാം ആയാലും രാഹുലായാലും എല്ലാവരും നന്നായി കളിക്കുന്നുണ്ട്. സഹല്‍ എല്ലാം നല്ല ഫുട്ബോളാണ് കളിക്കുന്നത്. ഈ സീസണില്‍ തന്നെ ഒരുപാട് നല്ല ഗോളുകളാണ് സഹല്‍ അടിച്ചുകൂട്ടിയത്. നല്ല കഴിവുള്ള താരങ്ങളാണ് എല്ലാവരും.


ഐ.എസ്.എല്ലിലൂടെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ വളരുമോ? വിദേശങ്ങളിലെപ്പോലെ മികച്ച യുവതാരങ്ങളെ കണ്ടെത്താന്‍ വേറെ എന്തൊക്കെ ചെയ്യണം?

ഇന്ത്യന്‍ താരങ്ങളെല്ലാം നല്ല കഴിവുള്ള താരങ്ങളാണ് പക്ഷേ അവര്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. വര്‍ഷത്തില്‍ ചെറിയൊരു സമയം മാത്രമാണ് അവര്‍ക്ക് പ്രൊഫഷനല്‍ ഫുട്ബോള്‍ കളിക്കാന്‍ കിട്ടുന്നത്. ഈ സ്ഥിതി മാറണം. ഒരു മുഴുനീള സീസണുകള്‍ അവര്‍ക്ക് ലഭിക്കണം. ചെറിയൊരു കാലയളവ് മാത്രം ഒരു ടീമിനായി കളിക്കുമ്പോള്‍ വര്‍ഷത്തിലുള്ള ബാക്കിയുള്ള സമയം അവര്‍ വെറുതെയിരിക്കെണ്ടി വരുകയാണ്. ജിമ്മിലും ചെറിയ ലോക്കല്‍ ടൂര്‍ണമെന്റുമാണ് അവര്‍ കളിക്കുന്നത്.

അത് മാറി വലിയ ലീഗ് കളിക്കുമ്പോള്‍ അവര്‍ക്ക് പരിശീലിക്കാന്‍ ഒരുപാട് സമയം ലഭിക്കണം. എങ്കില്‍ മാത്രമെ അവര്‍ക്ക് ഫുട്ബോളില്‍ ഒരു സ്ഥിരത ലഭിക്കുകയുള്ളു. ഒട്ടനവധി താരങ്ങളെ ഞാന്‍ കണ്ടു. എല്ലാവര്‍ക്കും നല്ല് കഴിവുണ്ട്, പക്ഷേ ആ കഴിവ് മെച്ചപെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അത് മാറണം. ക്രിക്കറ്റ് പോലെ തന്നെ ഫുട്ബോളും ഇന്ത്യയില്‍ കളം പിടിക്കണം. അതിന് താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി കളിക്കാനുള്ള അവസരം ഒരുക്കണം.

കഴിഞ്ഞ ഐ എസ് എല്ലിന് ശേഷം ഞാന്‍ നാട്ടിലെത്തി എന്റെ പഴയ ടീമുമായി പരിശീലനത്തിനിറങ്ങുകയായിരുന്നു. അത് ഞാന്‍ ചെയ്തിലെങ്കില്‍ എനിക്ക് എന്റെ കഴിവുകള്‍ മെച്ചപെടുത്താന്‍ കഴിയില്ല. ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മുടെ ഇന്ത്യന്‍ താരങ്ങളും പുറത്തുള്ള ലീഗുകളില്‍ കളിക്കുന്നത് നമ്മുക്ക് പ്രതീക്ഷിക്കാം. സാനാ, സുബാഷിഷ്, ലിസ്റ്റണ്‍, ആഷിഷ് റായ് ഇവരെല്ലാം ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതീക്ഷയാണ്, ഇവരെയെല്ലാം നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ഇന്ത്യക്ക് ക്രിക്കറ്റ് പോലെ ഫുട്ബോളിലും ഒരുപാട് മുന്നേറാം.

നിലവിലെ ടീമിനെ അതേപടി നിലനിര്‍ത്തണമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹവും ആവശ്യവും. ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാന്‍ ആഗ്രഹിക്കുന്നണ്ടോ?

എനിക്ക് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകണമെന്ന് നല്ല ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും ആയിട്ടില്ല. ഇനിയും മത്സരങ്ങളുണ്ടല്ലൊ. അതിന് ശേഷം തീര്‍ച്ചയായും എന്റെ മാനേജര്‍ ഇത് സംബന്ധിച്ച് ടീം മാനേജ്മെന്റുമായി സംസാരിക്കും. കളിയില്‍ ശ്രദ്ധിക്കണം അത് മികച്ചതാകാന്‍ കഠിനമായി ശ്രമിക്കും. പിന്നെ, സമയം ഉണ്ടല്ലോ.

Next Story