Top

'അന്തിമജൂറിയുടെ മുന്നിലെത്തും മുന്‍പ് എന്റെ സിനിമ മുക്കിയതെന്തിന്?'; ഗോത്രവര്‍ഗ അഭിനേതാക്കള്‍ക്ക് ഒരു പരാമര്‍ശം പോലുമില്ലെന്ന് പ്രിയനന്ദനന്‍

'എന്ത് നിലവാരകുറവാണ് ഇവർ പൂഴ്ത്തിവെക്കാൻ എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ'

28 May 2022 12:49 PM GMT
ഫിൽമി റിപ്പോർട്ടർ

അന്തിമജൂറിയുടെ മുന്നിലെത്തും മുന്‍പ് എന്റെ സിനിമ മുക്കിയതെന്തിന്?; ഗോത്രവര്‍ഗ അഭിനേതാക്കള്‍ക്ക് ഒരു പരാമര്‍ശം പോലുമില്ലെന്ന് പ്രിയനന്ദനന്‍
X

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ആരോപണവുമായി സംവിധായകൻ പ്രിയനന്ദനൻ. താൻ സംവിധാനം ചെയ്ത 'ധബാരി കുരുവി' എന്ന സിനിമ ആദ്യ റൗണ്ടിൽ നിന്നും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അവസാന റൗണ്ടിൽ ചിത്രം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഇതിനു പിന്നില്ലേ കാരണം എന്തെന്ന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗോത്രവർഗക്കാരോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രിയനന്ദനന്റെ വാക്കുകൾ:

ഓരോ ജൂറിക്കും ഓരോ തീരുമാനങ്ങളാണ്. അതിനെ നമ്മൾ മാനിക്കാറാണ് പതിവ്. സംസ്ഥാന അവാർഡ് ലഭിക്കാത്ത എന്റെ പല സിനിമകൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. പക്ഷെ ഇത് അതല്ല, ഞാൻ ചെയ്ത ധബാരി കുരുവി എന്ന സിനിമ അടിസ്ഥാന വർഗത്തിനും താഴെയുള്ള ഗോത്ര വർഗക്കാരെകുറിച്ചാണ്. അത് ലോകത്തിൽ തന്നെ ആദ്യമായി ആദിവാസി സമൂഹം മാത്രം അഭിനയിച്ച സിനിമയാണ്. അത്ഭുതകരമായ പ്രകടനങ്ങളാണ് അതിൽ അഭിനയിച്ച പെൺകുട്ടികൾ കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് ഒരു തരത്തിലുമുള്ള പരാമർശം സിനിമയ്ക്ക് ലഭിക്കാതിരുന്നത് എന്നതിനെക്കുറിച്ച് എന്റെ അന്വേഷണത്തിൽ ആദ്യ റൗണ്ടിൽ എന്റെ സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന് അറിയാൻ സാധിച്ചു. ഞാൻ വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ ഉറപ്പായും ചിത്രം പട്ടികയിൽ കൊടുത്തിരുന്നു എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ അന്തിമ ജൂറിക്ക് ചിത്രം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. അന്തിമ ജൂറിയുടെ മുന്നിൽ എന്തുകൊണ്ട് ഈ സിനിമ വന്നില്ല? അത് എവിടെ മുങ്ങി പോയി എന്ന് എനിക്ക് അറിയണം.

ഒന്നാം സമ്മാനം കിട്ടിയ സിനിമയോ രണ്ടാം സമ്മാനം കിട്ടിയ സിനിമ മൂന്നാം സമ്മാനം കിട്ടിയ സിനിമയോ മോശമാണ് എന്നോ അവ എന്റെ സിനിമയേക്കാൾ നിലവാരത്തിൽ താഴെയാണ് എന്നോ എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആദ്യ പട്ടികയിൽ തെരഞ്ഞെടുക്കപെട്ട സിനിമ എന്തുകൊണ്ട് അന്തിമ പട്ടികയിൽ എത്താതിരുന്നത്. അതിനുള്ള ജൂറി അംഗങ്ങളുടെ ഓഡിയോ തെളിവുകൾ എന്റെ പക്കലുണ്ട്. ഇതിനിടയിൽ എങ്ങനെയാണ് ഈ സിനിമ മാറ്റിയത്? ആരാണ് അതിന് താൽപര്യം പ്രകടിപ്പിച്ചത്? അതിനെതിരെ അന്വേഷണം വേണം. ഈ സിനിമ ഗോത്ര വർഗക്കാരെ കുറിച്ചാണ് പറയുന്നത്. ഇത് അവരെ തള്ളി കളയുന്നതിന് തുല്യമാണ്.

ഈ സിനിമയിലെ അഭിനേതാക്കൾ അസാധ്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പരാമർശം പോലും ഈ പെൺകുട്ടികൾക്ക് ലഭിച്ചില്ല എന്നുള്ളതാണ് എന്റെ അന്വേഷണത്തിന് കാരണം, അല്ലാതെ എനിക്ക് സമ്മാനം കിട്ടിയില്ല എന്നത് കൊണ്ടല്ല. ഇതിനെതിരെ പരാതി കൊടുക്കണം. അതിന് മാധ്യമ പിന്തുണ വേണം. അങ്ങനെ പൂഴ്ത്തിവെക്കാൻ പാടില്ലല്ലോ. എന്തിനാ തിരസ്കരിച്ചത് എന്ന് പൊതുസമൂഹം അറിയണം. ഇത് ഏറ്റവും നിന്ദ്യമായ കാര്യമാണ്. ഒരു കലാകാരനോട് ഒരു കാലത്തും ഒരാളും ചെയ്യാൻ പാടില്ല ഇങ്ങനെ. മറ്റൊരു കലാകാരനും ലോകത്ത് ഇങ്ങനെ സംഭവിക്കരുത്. ഈ സിനിമ ഞാൻ പുറത്തിറക്കും, എന്നിട്ട് എന്ത് നിലവാരകുറവാണ് ഇവർ പൂഴ്ത്തിവെക്കാൻ എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ. ഈ സിനിമ ഇരുള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു സംസാര ഭാഷ മാത്രമാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തിട്ടുണ്ട്. വേണമെങ്കിൽ ഒഴിവാക്കാനായി അത് ചിലർക്ക് ഉപയോഗിക്കാം.

story highlighrts: priyanandhanan says that his film was illegaly rejected by state award jury

Next Story