

തുപ്പാക്കി എന്ന വിജയ് സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് വിദ്യുത് ജംവാൽ. നടന്റേതായി പുറത്തുവന്ന ഹിന്ദി സിനിമകൾ ഒക്കെയും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയവയായിരുന്നു. വിദ്യുതിൻ്റെ ആക്ഷൻ സീനുകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടൻ.
കിറ്റാവോ സകുരായ് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ഫൈറ്റർ എന്ന സിനിമയിലൂടെയാണ് വിദ്യുത് ജംവാൽ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ധൽസിം എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ മനസിലാകാത്തവണ്ണം വൻ ഗെറ്റപ്പ് ചേഞ്ച് ആണ് നടൻ സിനിമയ്ക്കായി നടത്തിയിരിക്കുന്നത്. തല മൊട്ടയടിച്ച് കഴുത്തിലും കയ്യിലും കാലിലും ആഭരണങ്ങളുമായി കിടിലൻ ലുക്കിലാണ് നടൻ സിനിമയിൽ എത്തുന്നത്. വിദ്യുതിനെ കണ്ടിട്ട് മനസിലാകുന്നേയില്ല, ഹോളിവുഡിലും നടൻ ഒരു കലക്ക് കലക്കും എന്നിങ്ങനെയാണ് പോസ്റ്ററിന് ലഭിക്കുന്ന കമന്റുകൾ.
സ്ട്രീറ്റ് ഫൈറ്റർ എന്ന ഹിറ്റ് വീഡിയോ ഗെയ്മിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ 2026 ഒക്ടോബർ 16 ന് പുറത്തിറങ്ങും. നോഹ സെന്റീനിയോ, ആൻഡ്രൂ കോജി, കലിന ലിയാങ്, റോമൻ റെയിൻസ്, ഡേവിഡ് ഡാസ്റ്റ്മാൽചിയൻ, കോഡി റോഡ്‌സ്, ആൻഡ്രൂ ഷുൾസ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അതേസമയം, ശിവകാർത്തികേയൻ ചിത്രമായ മദ്രാസിയിലാണ് വിദ്യുത് ജംവാൽ അവസാനമായി അഭിനയിച്ചത്.
Vidyut Jammwal’s first look from the Street Fighter movie is out, and he looks completely unrecognisable❗ pic.twitter.com/7QpuXSLmfa
— Mohammed Ihsan (@ihsan21792) December 12, 2025
സിനിമയിൽ വിരാട് എന്ന വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. നടന്റെ ആക്ഷൻ രംഗങ്ങൾക്ക് വലിയ കയ്യടികളാണ് ലഭിച്ചത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Vidyut Jamwal look from street fighter goes viral