ഇതിലെങ്കിലും ബോളിവുഡ് കരകയറുമോ? അക്ഷയ് കുമാർ കംബാക്ക് നടത്തുമെന്ന് ആരാധകർ; 'ഹൗസ്ഫുൾ 5' ഇന്ന് മുതൽ

ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തുന്നത്

dot image

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. സിനിമയുടെ അഞ്ചാം ഭാഗം ഇന്ന് റിലീസിനൊരുങ്ങുകയാണ്. മോശമല്ലാത്ത അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് പിവിആർ, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ളെക്സുകളിൽ നിന്നും ലഭിക്കുന്നത്.

ആദ്യ ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പിവിആറിൽ നിന്നും സിനിപോളിസിൽ നിന്നും 94,750 ടിക്കറ്റുകളാണ് സിനിമ വിറ്റിരുന്നത്. ഈ വർഷത്തെ മൂന്നാമത്തെ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. വിക്കി കൗശൽ ചിത്രം ഛാവ, സൽമാൻ ഖാന്റെ സിക്കന്ദർ എന്നീ സിനിമകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 223,000 ടിക്കറ്റുകളാണ് ഛാവ വിറ്റത്. സിക്കന്ദർ 143,000 ടിക്കറ്റുകൾ വിറ്റിരുന്നു. അതേസമയം, സിംഗിൾ സ്‌ക്രീനുകളിൽ സിനിമയ്ക്ക് മോശമല്ലാത്ത ബുക്കിംഗ് ലഭിക്കുന്നുണ്ട്. ചിത്രത്തിന് കുതിപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്നും ആദ്യ ദിനം മികച്ചൊരു കളക്ഷൻ നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തുന്നത്.

രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ട്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളായിരിക്കും കൊലയാളികളാകുന്നത്. പ്രേക്ഷകർക്ക് ഇത് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോൾ ഏത് പതിപ്പാണോ പ്രേക്ഷകർക്ക് കാണാൻ താല്പര്യം അത് അവരുടെ ഇഷ്ടാനുസരണം ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് പതിപ്പുകൾക്കും രണ്ട് മണിക്കൂർ 45 മിനിറ്റ് നീളമുണ്ട്‌.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Housefull 5 advance booking report

dot image
To advertise here,contact us
dot image