'ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ! സൂര്യ 46 അപ്പോ പൊളിക്കും'; വൈറലായി സൂര്യയുടെ പുതിയ ലുക്ക്

'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46

'ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ! സൂര്യ 46 അപ്പോ പൊളിക്കും'; വൈറലായി സൂര്യയുടെ പുതിയ ലുക്ക്
dot image

പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന അടുത്ത സിനിമയിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്. ചിത്രത്തിനായുള്ള സൂര്യയുടെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മീശയും താടിയും ട്രിം ചെയ്ത ലുക്കിലാണ് സിനിമയിൽ സൂര്യ എത്തുന്നതെന്ന് സൂചനകളാണ് ചിത്രങ്ങൾ നൽകുന്നത്. കഴിഞ്ഞ ദിവസം നിർമാതാവായ കലൈപുലി എസ് താനുവിന്റെ കുടുംബത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ സൂര്യ പങ്കെടുത്തിരുന്നു. ഇവിടന്ന് നിന്നുള്ള സൂര്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചാര നിറത്തിലുള്ള ഷർട്ടും ബ്ലാക്ക് പാന്റും ധരിച്ചാണ് സൂര്യ ചടങ്ങിനെത്തിയത്. നേരത്തെ സംവിധായകൻ വെങ്കി അറ്റ്ലൂരിക്കൊപ്പം പഴനിയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള സൂര്യയുടെ ചിത്രങ്ങളും ട്രെൻഡിങ് ആയിരുന്നു. ചുവന്ന നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു സൂര്യ ധരിച്ചിരുന്നത്. 'ഗജിനിയിലെ സഞ്ജയ് രാമസാമി തിരിച്ചുവന്നിരിക്കുന്നു', 'അന്നും ഇന്നും സൂര്യയ്ക്ക് ഒരു മാറ്റവുമില്ല' എന്നിങ്ങനെയാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകൾ.

'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്.

Content Highlights: Actor Suriya's new look from Suriya 46 goes viral

dot image
To advertise here,contact us
dot image