Top

ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സഹല്‍ യുറോപ്പിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി ഏജന്റ്

ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് സഹലിനെ ട്രയല്‍സിനായി ക്ഷണിച്ചെന്ന വാര്‍ത്തകളാണ് താരത്തിന്റെ ഏജന്റും ഇന്‍വെന്റീവ് സ്‌പോര്‍ട്‌സിന്റെ സി.ഇ.ഒയുമായ ബല്‍ജിത് റിഹാല്‍ നിഷേധിച്ചത്.

29 March 2022 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സഹല്‍ യുറോപ്പിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി ഏജന്റ്
X

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് യൂറോപ്പിലേക്ക് കൂടുമാറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി താരത്തിന്റെ ഏജന്റ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബായ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് സഹലിനെ ട്രയല്‍സിനായി ക്ഷണിച്ചെന്ന വാര്‍ത്തകളാണ് താരത്തിന്റെ ഏജന്റും ഇന്‍വെന്റീവ് സ്‌പോര്‍ട്‌സിന്റെ സി.ഇ.ഒയുമായ ബല്‍ജിത് റിഹാല്‍ നിഷേധിച്ചത്.

ഇക്കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് സഹല്‍. 21 മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ സഹലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയെ നയിച്ചത്. പരുക്കിനെത്തുടര്‍ന്ന് സെമിഫൈനല്‍ രണ്ടാം പാദവും ഫൈനലും സഹിതിനു നഷ്ടമായിരുന്നു.

സീസണിലെ മിന്നും പ്രകടനത്തിനു പിന്നാലെ താരത്തെ നോട്ടമിട്ടു ബാംഗ്ലൂര്‍ എഫ്.സി, എ.ടി.കെ. മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി. എന്നീ ടീമുകള്‍ രംഗത്തു വന്നിരുന്നു. സഹലിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മലയാളി താരമായ കെ.പി. രാഹുലിനെയും ഈ ടീമുകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. എന്നാല്‍ ഇരുതാരങ്ങള്‍ക്കും ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനാണ് താല്‍പര്യമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ് സഹല്‍ യൂറോപ്പിലേക്കു ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

Next Story