Top

'ഹൈവോള്‍ട്ടേജ്' മത്സരവിജയികളെ പ്രവചിക്കാനാകാതെ അഫ്രീദി; സമ്മര്‍ദ്ദം അതിജീവിക്കുന്നവര്‍ ജയിക്കുമെന്നു മാത്രം മറുപടി

സമ്മര്‍ദ്ദമേറുമ്പോള്‍ പിഴവുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അതിനാല്‍ മത്സരത്തില്‍ ഏറ്റവും കുറവ് പിഴവുകള്‍ വരുത്തുന്നവര്‍ക്കായിരിക്കും മുന്‍തൂക്കമെന്നും അതാരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

10 Oct 2021 11:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈവോള്‍ട്ടേജ് മത്സരവിജയികളെ പ്രവചിക്കാനാകാതെ അഫ്രീദി; സമ്മര്‍ദ്ദം അതിജീവിക്കുന്നവര്‍ ജയിക്കുമെന്നു മാത്രം മറുപടി
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആരവം ഉയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത് 24-ന് നടക്കാനിരിക്കുന്ന ഒരു 'ഹൈവോള്‍ട്ടേജ്' മത്സരത്തിലേക്കാണ്. ദുബായിയില്‍ അന്നു രാത്രി 7:30-ന് നടക്കുന്ന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനുമാണ്. ഇന്ത്യ-പാക് പോരാട്ടം എന്നും ഒരു ക്രിക്കറ്റ് മത്സരമെന്നതിലുപരി ഇരു രാജ്യങ്ങളും തമ്മിലുള്ള 'ക്രിക്കറ്റ് യുദ്ധം' ആയിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. അതിനാല്‍ത്തന്നെ ഗ്യാലറിയിലും പുറത്തും എന്നും ആവേശത്തിന്റെ രസമാപിനി ഉയര്‍ത്തുന്നതാണ് ഈ പോരാട്ടം.

ഇക്കുറി ട്വന്റി 20 ലോകകപ്പില്‍ ഇരുടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങാന്‍ ഇരുകൂട്ടരും കൈമെയ് മറന്നു പൊരുതുമെന്നുറപ്പ്. ഈ മത്സരത്തില്‍ ആരു ജയിക്കുമെന്നു പ്രവചിച്ചു മുന്‍താരങ്ങളടക്കം പലരും രംഗത്തുവന്നുകഴിഞ്ഞു. ചിലര്‍ ഇന്ത്യയുടെ പക്ഷം പിടിക്കുമ്പോള്‍ മറ്റു ചിലര്‍ പാകിസ്താനെയും പിന്തുണച്ചു.

ഇപ്പോള്‍ പാകിസ്താന്‍ മുന്‍താരം ഷാഹിദ് അഫ്രീദിയുടെ പ്രവചനമാണ് വൈറലായിരിക്കുന്നത്. ഒരു ടോക്‌ഷോയില്‍ മത്സരവിജയികള്‍ ആരാകുമെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ പോലും പാകിസ്താന് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നായകനായ അഫ്രീദിക്ക് ആയില്ല. വിജയികളെ വ്യക്തമായി പ്രവചിക്കാതെ സാഹചര്യങ്ങളെ വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.

''ഇന്ത്യയും പാകിസ്താനും തമ്മില്‍ എപ്പോള്‍ ഏറ്റുമുട്ടിയാലും ഇരു ടീമിലെയും താരങ്ങള്‍ക്ക് അത് ഏറ്റവും സമ്മര്‍ദ്ദമേറിയ മത്സരമായിരിക്കും. അതിനാല്‍ സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുന്നത് ആരാണോ അവരാകും ഒക്‌ടോബര്‍ 24-ന് ദുബായിയിലെ വിജയികള്‍''- എന്നാണ് അഫ്രീദി മറുപടി നല്‍കിയത്. സമ്മര്‍ദ്ദമേറുമ്പോള്‍ പിഴവുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അതിനാല്‍ മത്സരത്തില്‍ ഏറ്റവും കുറവ് പിഴവുകള്‍ വരുത്തുന്നവര്‍ക്കായിരിക്കും മുന്‍തൂക്കമെന്നും അതാരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

എട്ടുവര്‍ഷത്തിനിടെ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ അല്ലാതെ ഇരുടീമുകളും കളിച്ചിട്ടില്ല. അവസാനം നേര്‍ക്കുനേര്‍ വന്നത് 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. അന്നു പാകിസ്താനെ ഇന്ത്യ തരിപ്പണമാക്കുകയും ചെയ്തു. ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യക്കെതിരേ ജയം നേടാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Next Story

Popular Stories