ഈഡനിൽ റസലിൻ്റെ വെടിക്കെട്ട്; തകർച്ചയിൽ നിന്നും കുതിച്ച് കൊൽക്കത്ത

25 പന്തില്‍ 64 റണ്‍സോടെ ആന്ദ്രേ റസല്‍ പുറത്താകാതെ നിന്നു. 3 ബൗണ്ടറികളുടേയും 7 സിക്‌സറുകളുടെയും പിന്‍ബലത്തിലായിരുന്നു റസലിന്റെ വെടിക്കെട്ട്
ഈഡനിൽ റസലിൻ്റെ വെടിക്കെട്ട്; തകർച്ചയിൽ നിന്നും കുതിച്ച് കൊൽക്കത്ത

കൊൽക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 209 റണ്‍സിൻ്റെ വിജയലക്ഷ്യം കുറിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം ശരിവെയ്ക്കുന്ന രീതിയിലായിരുന്നു സണ്‍റൈസേഴ്‌സ് ബൗളര്‍മാരുടെ തുടക്കം. 51 റണ്‍സ് നേടുന്നതിനിടയില്‍ കൊല്‍ക്കത്തയുടെ നാല് മുന്‍നിര ബാറ്റര്‍മാരെ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ മടക്കിയച്ചു.

എന്നാല്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഒരറ്റത്ത് ഉറച്ച് നിന്നപ്പോള്‍ കൊല്‍ക്കത്ത തകര്‍ച്ചയില്‍ നിന്നും തിരിച്ചു വന്നു. രമണ്‍ദീപ് സിങ്ങിനൊപ്പം ചേര്‍ന്ന് ഫില്‍ സാള്‍ട്ട് കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. അഞ്ചാംവിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. 17 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ രമണ്‍ദീപാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ റിങ്കു സിങ്ങ് രമണ്‍ദീപ് നിര്‍ത്തിയടത്തു നിന്ന് പോരാട്ടം ഏറ്റെടുത്തു. 40 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ട് മടങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡില്‍ 119 റണ്‍സാണ് ഉണ്ടായിരുന്നത്. പതിനാലാമത്തെ ഓവറിന്റെ അവസാന പന്തിലായിരുന്നു ഫില്‍ സാള്‍ട്ടിന്റെ മടക്കം.

പിന്നീട് ഒരുമിച്ച റിങ്കു സിങ്ങും ആന്ദ്രേ റസലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചു. ഇരുപതാമത്തെ ഓവറിന്റെ ആദ്യപന്തില്‍ റിങ്കു സിങ്ങ് മടങ്ങി. 15 പന്തില്‍ 23 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഒടുവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 208 റണ്‍സ് കുറിക്കുമ്പോള്‍ 25 പന്തില്‍ 64 റണ്‍സോടെ ആന്ദ്രേ റസല്‍ പുറത്താകാതെ നിന്നു. 3 ബൗണ്ടറികളുടേയും 7 സിക്‌സറുകളുടെയും പിന്‍ബലത്തിലായിരുന്നു റസലിന്റെ വെടിക്കെട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com