Top

ഇന്ന് മാത്രം 6.44 ശതമാനത്തിന്റെ ഇടിവ്, കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; 'തെലങ്കാനക്കാറ്റ്' മാറി വീശുന്നു

148.20 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

10 Aug 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ന് മാത്രം 6.44 ശതമാനത്തിന്റെ ഇടിവ്, കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; തെലങ്കാനക്കാറ്റ് മാറി വീശുന്നു
X

കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് കൂടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കിറ്റെക്‌സ് നടത്തിയ മുന്നേറ്റം നിലനിന്നേക്കില്ല. 2021 ജൂലൈ പതിനാലിന് 204.05 രൂപയിലേക്ക് ഓഹരി മൂല്യം കുത്തനെ ഉയര്‍ന്ന കിറ്റെക്‌സിന്റെ ഇന്നത്തെ മൂല്യം 148ലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. 2020 ആഗസ്റ്റില്‍ 102.45 ആയിരുന്നു കിറ്റെക്‌സിന്റെ ഓഹരി മൂല്യം. ഇതിലേക്ക് തിരികെ പോകാന്‍ അധികനാള്‍ വേണ്ടി വരില്ലെന്നാണ് പുതിയ വിപണി ട്രെന്‍ഡ് നല്‍കുന്ന സൂചന. നേരത്തെ തെലങ്കാന കൂടുമാറ്റം കിറ്റെക്‌സിന് വലിയ ലാഭമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

158.40 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 160 രൂപയിലേക്കും ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ 148.20 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 6.44 ശതമാനം ഇടിവാണ് ഇന്ന് മാത്രം കമ്പനിക്കുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി തുടര്‍ച്ചയായി ഓഹരി മൂല്യം താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് നാലിന് 172.95 രൂപയായിരുന്നു മൂല്യം പിന്നീട് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടു. സ്ഥിരതയുള്ള ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ക്രമാതീതമായ കുറവ് തുടര്‍ന്നാല്‍ മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി 100രൂപയിലേക്ക് മൂല്യം ഇടിഞ്ഞേക്കും.
കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയായ കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ് തെലങ്കാനയിലേക്ക് കൂടുമാറിയത്. ഓഹരി വിപണിയില്‍ കൂടുമാറ്റത്തിന് പിന്നാലെ വമ്പന്‍ നേട്ടവും കമ്പനി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉയര്‍ച്ച സ്ഥിരതയുള്ളതല്ലെന്ന സൂചനകള്‍ പുറത്തുവരുന്നത് കമ്പനിക്ക് തിരിച്ചടിയുണ്ടാക്കും.




Next Story

Popular Stories