ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 2 ജിബി പ്രതിദിന ഡേറ്റ; ബിഎസ്എന്‍എല്‍ ദീപാവലി ബൊണാന്‍സ

അണ്‍ലിമിറ്റഡ് കോളിങ് സര്‍വീസ്, 2 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ, നിത്യവും 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും

ഒരു രൂപയ്ക്ക് എന്തുകിട്ടും എന്ന് ചോദിച്ചാല്‍ ഇന്നത്തെ കാലത്ത് ഉത്തരം കണ്ടെത്താന്‍ കുറച്ചുസമയം ആലോചിക്കേണ്ടിവരും അല്ലേ. പക്ഷെ ഇന്ത്യയില്‍ എന്നും ഈ ഒരു രൂപ നാണയത്തിന് അതിന്റെ പണമൂല്യത്തേക്കാള്‍ മൂല്യം നല്‍കിയിരുന്നു. ശുഭകാര്യങ്ങള്‍ തുടങ്ങും മുന്‍പുള്ള ദക്ഷിണയാണെങ്കില്‍ 101 രൂപ കൊടുക്കുക, പുതിയ വീടോ മറ്റോ വാങ്ങുന്നിതിനുള്ള അഡ്വാന്‍സ് കൊടുക്കുമ്പോള്‍ ഒരു ലക്ഷം രൂപയാണ് കൈമാറുന്നതെങ്കില്‍ അതിനൊപ്പം ഒരു രൂപ കൂടി ചേര്‍ത്ത് നല്‍കുക. വിഷുക്കൈനീട്ടമായി ഒരു രൂപ നാണയം നല്‍കുക..എന്തിന്റെയും ശുഭാരംഭമാണ് ഇന്ത്യക്കാര്‍ക്ക് ഒരു രൂപ.

ദീപാവലി പ്രമാണിച്ച് ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്കായി ഒരു രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ദീപാവലി ബൊണാന്‍സ 2025ന്റെ ഭാഗമായാണ് പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം വെറും ഒരു രൂപയില്‍ ബിഎസ്എന്‍എല്‍ സിം സ്വന്തമാക്കാം. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ചെന്ന് കെവൈസി പൂര്‍ത്തിയാക്കി ഒരു രൂപയും കൊടുത്താല്‍ പുതിയ സിം ആക്ടിവേറ്റാക്കി നിങ്ങള്‍ക്ക് മടങ്ങാം. അണ്‍ലിമിറ്റഡ് കോളിങ് സര്‍വീസ്, 2 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ, നിത്യവും 100 സൗജന്യ എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭിക്കും. ഒരു മാസമായിരിക്കും പ്ലാനിന്റെ കാലാവധി.

ബിഎസ്എന്‍എല്‍ സിം എടുക്കാന്‍ മടിച്ചുനില്‍ക്കുന്നവരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഒരു രൂപയുടെ ദീപാവലി സമ്മാനവുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ എന്നീ സ്വകാര്യ മൊബൈല്‍ നെറ്റ്വര്‍ക്കുളുടെ ഇടയില്‍ പിടിച്ചുനില്‍ക്കാനാകാതെ തളര്‍ച്ചയിലാണ് ബിഎസ്എന്‍എല്‍. 4ജിയിലേക്കുള്ള ചുവടുമാറ്റം പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വൈകിയിരുന്നു. ഇത്തരത്തില്‍ തന്ത്രപരമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഉത്സവകാല പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന പതിവില്ല. ഓഗസ്റ്റില്‍ ഫ്രീഡം ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ആ മാസത്തില്‍ 1.3 ലക്ഷം ഉപഭോക്താക്കളാണ് പുതുതായി ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്.

Content Highlights:One‑Rupee Diwali Bonanza: Unlimited Calls + Daily 2 GB Data, 100 SMS

To advertise here,contact us