കച്ചമുറുക്കി അറട്ടൈ! കാത്തിരുന്ന പ്രഖ്യാപനം ഉടൻ!

ജനപ്രീതിയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കൈവരിച്ച അറട്ടൈ പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ സജ്ജമായി കഴിഞ്ഞു

ചെന്നൈ ആസ്ഥാനമായുള്ള സോഹാ സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ച അറട്ടൈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ടെക്സ്റ്റ് മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ലായിരുന്നു എന്നതാണ്. എന്നാൽ തങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഈ വിഷയത്തിൽ ഒരു വമ്പൻ പ്രഖ്യാപനം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സോഹോ സിഇഒ ശ്രീധർ വെമ്പു. കുറച്ച് ആഴ്ചകൾ കൂടി പിന്നിട്ടാൽ, ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഒന്നായി അറട്ടൈ മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജനപ്രീതിയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കൈവരിച്ച അറട്ടൈ പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ സജ്ജമായി കഴിഞ്ഞു. അതിൽ ഏറ്റവും ഡിമാൻഡ് ചെയ്യപ്പെട്ട എൻഡ് ടു എൻഡ്(E2E) എൻക്രിപ്ഷനും ഉണ്ടാകുമെന്നാണ് വിവരം. E2E എൻക്രിപ്ഷൻ നിലവിൽ വികസിപ്പിച്ച് വരികയാണെന്നും ഇതുടൻ സർവസജ്ജമാകുമെന്നുമാണ് ഇന്ത്യ ടുഡേയോട് വെമ്പു വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കോളുകൾക്കും വീഡിയോകൾക്കും E2E പിന്തുണയുണ്ട്.

ടെക്സ്റ്റ് മെസേജുകളില്‍ സീക്രട്ട് ചാറ്റ് എന്ന ഓപ്ഷനിൽ E2E സപ്പോർട്ടുണ്ട്. എന്നാൽ അത് ഡിഫോൾട്ടല്ല. നിലവിൽ E2Eക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. അറട്ടൈയിൽ സ്വകാര്യതയ്ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നാണ് സോഹോ നൽകുന്ന ഉറപ്പ്. മാത്രമല്ല മോണിറ്റൈസേഷന് വേണ്ടി ആഡുകളോ യൂസർ ഡേറ്റയോ ഉപയോഗിക്കില്ലെന്ന് വീണ്ടും അദ്ദേഹം ഉറപ്പുനൽകുന്നു. മെസേജുകൾ അയക്കുന്നവർക്കും അത് ലഭിക്കുന്നവർക്കും മാത്രമേ അത് വായിക്കാൻ കഴിയൂ എന്നതാണ് E2E എൻക്രിപ്ഷൻ നൽകുന്ന ഉറപ്പ്. കമ്പനിക്ക് പോലും യൂസർ കണ്ടന്റിൽ അക്‌സസ് ഉണ്ടാവില്ല.

മറ്റ് ആപ്ലിക്കേഷനുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്ന ഉദ്ദേശത്തോടെ തേഡ് പാർട്ടി ആപ്പുകളും അവയുടെ സേവനങ്ങളും അറട്ടൈയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന കാര്യമാണ് നിലവിൽ ചർച്ചയിലുള്ള മറ്റൊരു വിഷയമെന്നും വെമ്പു പറയുന്നു. ഇന്ത്യയിൽ വൻ ഡിമൻഡാണ് അറട്ടൈയ്ക്ക്. ദിവസവും 3500 സൈൻ അപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ അത് ഒറ്റ ദിവസം കൊണ്ട് മൂന്നരലക്ഷമായി ഉയർന്നു. പിന്നീട് ഒരു ദിവസം ഒരു മില്യണായി എന്നാണ് റിപ്പോർട്ട്.Content Highlights: Arattai to get E2E encryption in text messages

To advertise here,contact us