വാട്സാപ്പിന് ബദലായി ഒരു ഇന്ത്യൻ ആപ്പ്. അതായിരുന്നു അറട്ടൈ. ലോഞ്ച് ചെയ്ത അന്നുതൊട്ട് ഇന്നുവരെ തരംഗം തീർക്കുകയാണ് അറട്ടൈ. വലിയ ജനപ്രീതിയാണ് ആപ്പിന് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രമന്ത്രിമാരും മറ്റ് പൗരപ്രമുഖരുമെല്ലാം പിന്തുണയുമായി രംഗത്തുവന്നതോടെ ആപ്പ് കൂടുതൽ പേരിലേക്കെത്തി. ഹിറ്റ് ആയി. ഇപ്പോളിതാ അറട്ടൈക്ക് പിന്നിൽ പ്രവർത്തിച്ച, സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു എങ്ങനെയാണ് ആപ്പ് ഉണ്ടായത് എന്നും ആ നീണ്ട പ്രക്രിയ എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ്.
എക്സിലാണ് ശ്രീധർ വെമ്പു ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അറട്ടൈ കാണുമ്പോൾ ലളിതമായ ഒരു ആപ്പ് എന്ന് തോന്നുമെങ്കിലും അതിന് പിന്നിൽ വലിയ എഞ്ചിനീയറിംഗ് പ്രക്രിയ ഉണ്ടെന്നും ചെറിയ പ്രക്രിയ ആയിരുന്നില്ല ആപ്പ് ഡെവലപ്പമെന്റ് എന്നും അദ്ദേഹം പറയുന്നു.
സോഹോയുടെതന്നെ സ്വന്തമായ മെസ്സേജിങ്, ഓഡിയോ വിഷ്വൽ ഫ്രെയിംവർക്കുകളിലൂടെയാണ് അറട്ടൈ പ്രവർത്തിക്കുന്നത്. വേഗതയും മികച്ച കോൾ കണക്ടിവിറ്റിയും മറ്റും ഉറപ്പാക്കാനായി 15 വർഷമായി പരിഷ്കരിക്കപ്പെടുന്ന ഒരു സംവിധാനമാണത്. സോഹോയുടെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ് ഫ്രെയിംവർക്കിനെയും വെമ്പു എടുത്തുപറഞ്ഞു. രണ്ട് ദശാബ്ദമായി സെർവറുകളിലേക്കും ഡാറ്റാബേസുകളിലേക്കും കുറ്റമറ്റ രീതിയിൽ വർക്ക്ലോഡ് വിതരണം നടത്തുന്നത് അവയെ ആശ്രയിച്ചാണ്. സോഹോയുടെ മറ്റ് പല പ്രൊഡക്ടുകളെയും, കമ്പനിയുടെ ക്ലൗഡ് സംവിധാനത്തിന്റെയും നട്ടെല്ല് അവയാണ്.
റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നും വെമ്പു പറയുന്നുണ്ട്. താൻ ഇപ്പോഴുള്ള തന്റെ മുഴുവൻ സമയവും റിസർച്ച് ആൻഡ് ഡെവെലപ്മെന്റിനായി മാറ്റിവെക്കുകയാണ് എന്നും ആളുകൾക്ക് ഇനിയും തങ്ങളിൽ നിന്ന് ഒരുപാട് കണ്ടുപിടിത്തങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിന് പിന്നിൽ പ്രവർത്തിച്ച ടീമിന്റെ സമർപ്പണത്തെയും അദ്ദേഹം എടുത്തുപറയാൻ മറന്നില്ല. അഞ്ചുവർഷത്തിന് മുകളിലായി തങ്ങൾ ഈ ആപ്പിന് വേണ്ടി പണിയെടുക്കുകയാണെന്നും ആത്മസമർപ്പണമുള്ള ഒരു എഞ്ചിനീയർ ഒരു ഋഷിയോഗിയെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ജനപ്രീതിയാണ് ലോഞ്ച് ചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് അറട്ടൈ നേടിയെടുത്തത്. കാഷ്വല് ചാറ്റ് എന്നാണ് അറട്ടൈ എന്ന വാക്കുകൊണ്ട് അര്ത്ഥമാക്കുന്നത്. ഉപയോക്താക്കള്ക്ക് സന്ദേശങ്ങള്, ചിത്രങ്ങള്, വീഡിയോകള്, ഡോക്യുമെന്റുകള് എന്നിവ അയയ്ക്കാനും, വോയ്സ്, വീഡിയോ കോളുകള് ചെയ്യാനും, ചാനലുകള് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ബിസിനസുകള്ക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമാണ്.
ശ്രീധര് വെമ്പുവും ടോണി തോമസും ചേര്ന്ന് 1996-ല് സ്ഥാപിച്ച മാതൃ കമ്പനിയായ സോഹയാണ് ഈ ആപ്പിന് പിന്നില്. ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനി ഇമെയില്, സിആര്എം, എച്ച്ആര്, അക്കൗണ്ടിംഗ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലായി 55-ലധികം ബിസിനസ് ആപ്ലിക്കേഷനുകള് വാഗ്ദാനം ചെയ്യുന്നുണ്ട്. 150 രാജ്യങ്ങളിലായി 130 ദശലക്ഷത്തിലധികം ഉപയോക്താക്കള്ക്ക് സേവനം നല്കുന്ന സോഹോയുടെ ക്ലൈന്റുകള് എന്ന് പറയുന്നത്, ആമസോണ്, നെറ്റ്ഫ്ലിക്സ്, ഡെലോയിറ്റ്, പ്യൂമ, ടൊയോട്ട, സോണി, ലോറല് തുടങ്ങിയ ആഗോള ഭീമന്മാരാണ്. 'ഇന്ത്യയില് നിര്മ്മിച്ചത്. ലോകത്തിനായി നിര്മ്മിച്ചത്' എന്നതാണ് സോഹോയുടെ മുദ്രാവാക്യം.
Content Highlights: Sridhar Vembu on how arattai app was made and people behind it