എഐ വില്ലനായി; പ്രശസ്ത ഐടി കമ്പനിയിൽ മൂന്ന് മാസത്തിനിടെ തൊഴിലില്ലാതായത് 11000 പേർക്ക്

കൂടുതൽ പിരിച്ചുവിടലുകൾ ഒരുപക്ഷെ ഉണ്ടായേക്കാം എന്നാണ് കരുതപ്പെടുന്നത്

എഐ ലോകം കീഴടക്കുന്ന കാലമാണ്. എങ്ങും എവിടെയും എഐ മയമാണ് എന്നുവേണമെങ്കിലും പറയാം. മനുഷ്യരുടെ പല ജോലികളും എഐ എളുപ്പമാക്കും എന്ന് മാത്രമല്ല, പുതിയ സാധ്യതകൾ തുറന്നുനൽകുകയും ചെയ്യും. എന്നാൽ ചിലപ്പോൾ മനുഷ്യരുടെ ജോലി ഇല്ലാതെയാകാനും എഐ കാരണമാകാറുണ്ട്. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഐടി സ്ഥാപനമായ ആക്‌സെഞ്ചർ ആണ് തൊഴിലാളികളുടെ എണ്ണം കുറച്ചിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് 11000 തൊഴിലാളികളെയാണ് സ്ഥാപനം വെട്ടിക്കുറച്ചിരിക്കുന്നത്. എഐ സംവിധാനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്ക് മുൻപ് ആക്‌സെഞ്ചർ 7,669 കോടിയുടെ സമൂലമായ അഴിച്ചുപണിക്കായുള്ള പുതിയ പദ്ധതി ആവിഷ്കരിച്ചിരുന്നു. പുതിയ ടെക്നൊളജിക്കൊപ്പം തൊഴിലാളികളും പ്രവർത്തനക്ഷമരാകണം എന്നും കമ്പനി പറഞ്ഞിരുന്നു. ഇത് സാങ്കേതികവിദ്യയോട് പൊരുത്തപ്പെടാനാകാത്ത തൊഴിലാളികൾക്കുള്ള ഒരു മുന്നറിയിപ്പായാണ് കണക്കാക്കപ്പെട്ടത്. കൂടുതൽ പിരിച്ചുവിടലുകൾ ഒരുപക്ഷെ ഉണ്ടായേക്കാം എന്നാണ് കരുതപ്പെടുന്നത്.

മെയ് മാസം ആക്‌സെഞ്ചറിന്റെ മൊത്തം തൊഴിലാളികളുടെ എണ്ണം 7,91,000 ആയിരുന്നു. മൂന്ന് മാസത്തിനിപ്പുറം ഓഗസ്റ്റിൽ അത് 7,79,000 ആയി കുറഞ്ഞു. നവംബർവരേയ്ക്കും തൊഴിലാളികളുടെ വിഷയത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 5.1 ബില്യൺ ഡോളറിന്റെ എഐ പ്രോജക്ടുകളാണ് ആക്‌സെഞ്ചറിന് ലഭിച്ചത്. മുൻ സാമ്പത്തികവർഷത്തിൽ ഇത് വെറും 3 ബില്യൺ ഡോളർ മാത്രമായിരുന്നു. ഇതുകൊണ്ടും കൂടിയാണ് കമ്പനി എഐ റീസ്ട്രക്ച്ചറിങിലേക്ക് കടക്കുന്നത്.

നിലവിൽ ആക്‌സെഞ്ചറിന് ലോകമെമ്പാടും 77000 എഐ ഡാറ്റ പ്രൊഫഷനലുകളാണ് ഉള്ളത്. മുൻപ് ഇത് 40000 ആയിരുന്നു. എഐയാണ് ഇനി ഭാവി എന്ന കാഴ്ചപ്പാടിലാണ് കമ്പനി മുന്നോട്ടുപോകുന്നത്.

Content Highlights: accenture layoffs 11000 staffs in three months

To advertise here,contact us