5 വര്‍ഷത്തിനുള്ളില്‍ ശസ്ത്രക്രിയാ വിദഗ്ധരെ റോബോട്ടുകള്‍ മറികടക്കും; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഇലോണ്‍ മസ്ക്

റോബോട്ടുകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ നിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണെന്നും അവര്‍ക്ക് പകരമല്ലെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

icon
dot image

വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ പ്രസ്താവന. അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ റോബോട്ടുകള്‍ മറികടക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.

ഇന്‍ഫ്‌ളുവന്‍സറായ മരിയോ നാവ്ഫലിന്റെ എക്‌സ് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മസ്‌കിന്റെ അഭിപ്രായ പ്രകടനം. ശസ്ത്രക്രിയ രംഗത്ത് നൂതന റോബോട്ടിക്‌സിന്റെ സാധ്യതകളെ കുറിച്ചും മസ്‌ക് വിശദീകരിച്ചു. 'റോബോട്ടുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്ല മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെയും അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ച ശസ്ത്രക്രിയാവിദഗ്ധരെയും മറികടക്കും. ആവശ്യമായ കൃത്യതയും വേഗതയും കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാന്‍ ന്യൂറോലിങ്കിന് ഒരു റോബോട്ടിനെ ഉപയോഗിക്കേണ്ടി വന്നു.' മസ്‌ക് പറയുന്നു. മെഡ്‌ട്രോണിക്‌സിന്റെ ഹ്യൂഗോ റോബോട്ടിക് സിസ്റ്റത്തെ കുറിച്ചുള്ള പോസ്റ്റായിരുന്നു മരിയോ പങ്കുവച്ചത്. പ്രോസ്‌റ്റേറ്റ്, വൃക്കകള്‍, ബ്ലാഡര്‍ എന്നീ 137 ശസ്ത്രക്രിയകള്‍ക്കായി മെഡ്‌ട്രോണിക് അതിന്‍റെ ഹ്യൂഗോ റോബോട്ടുകളെ പരീക്ഷിച്ചുവെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു അതിന്റെ റിസള്‍ട്ടെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

🚨 ROBOTS CAN NOW HELP WITH SURGERY — AND THEY’RE ACTUALLY GOOD AT ITMedtronic tested its Hugo robot in 137 real surgeries — fixing prostates, kidneys, and bladders — and the results were better than doctors expected.Complication rates were super low: just 3.7% for prostate… https://t.co/RvkoY2xDS3 pic.twitter.com/jpvbP0vhcI

റോബോട്ടുകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ നിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണെന്നും അവര്‍ക്ക് പകരമല്ലെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശസ്ത്രക്രിയ മുറികളില്‍ ഇവയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മസ്‌കിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രവചനം എന്തായാലും വലിയൊരു ശാസ്ത്ര ചര്‍ച്ചയിലേക്കാണ് വഴിതുറന്നിരിക്കുന്നത്.

മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് സ്റ്റാര്‍ട്ട്അപ്പ് ആണ് ന്യൂറോലിങ്ക്. ഭിന്നശേഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനകരമാകുന്ന ഒരു ബ്രെയിന്‍ ചിപ് സാധ്യമാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ന്യൂറോലിങ്ക്.

Elon Musk says robots will surpass best human surgeons within 5 years

To advertise here,contact us
To advertise here,contact us
To advertise here,contact us