
ഡെലിവറിക്ക് തൊട്ടുമുന്പ് 27 ലക്ഷം രൂപ വിലവരുന്ന ഥാര് ഒന്നാംനിലയിലെ ഷോറൂമിന്റെ ഗ്ലാസ് തകര്ത്ത് താഴേക്ക് വീണ വാര്ത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഡല്ഹിയിലെ മഹീന്ദ്രയുടെ നിര്മന് വിഹാര് ഔട്ട്ലെറ്റില് വച്ചായിരുന്നു സംഭവം. വാഹനം നിരത്തിലിറക്കുന്നതിന് മുന്പ് ടയറിനടിയില് നാരങ്ങ വച്ച് മുന്നോട്ടെടുക്കുന്ന ചടങ്ങ് നടത്തുന്നതിനിടയിലാണ് അപകടം. വാഹനത്തിന്റെ ഉടമയായ മാനി പവാര് എന്ന 29 കാരി ആക്സിലേറ്ററില് അശ്രദ്ധമായി കാലമര്ത്തിയതോടെ ഷോറൂമിന്റെ ഗ്ലാസ് തകര്ത്ത് ഥാര് മുന്നോട്ടുനീങ്ങുകയും തലകീഴായ് മറിഞ്ഞ് തറയില് പതിക്കുകയുമായിരുന്നു.
അപകടത്തില് വാഹനത്തിലുണ്ടായിരുന്ന യുവതിക്കും ഷോറൂമിലെ ജീവനക്കാരനും പരിക്കുപറ്റി. ഒപ്പം പുത്തന് ഥാറിനും. ഡെലിവറി ചെയ്യുന്നതിന് തൊട്ടുമുന്പായി നടന്ന അപകടമായതിനാല് വീഴ്ചയില് നല്ല രീതിയില് കേടുപറ്റിയ ഥാറിന്റെ കേടുപാടുകള് പരിഹരിക്കാനുള്ള അറ്റകുറ്റപണിക്ക് ആര് പണം മുടക്കുമെന്നായിരുന്നു പലരും ചര്ച്ച ചെയ്തത്. ആഡംബരവാഹനമായതിനാല് തന്നെ വലിയ സാമ്പത്തിക ബാധ്യതയല്ലേ അത് ഉടമയ്ക്ക് വരുത്തിവയ്ക്കുക എന്ന് ചോദിച്ചവരും കുറവല്ല.
ആര് പണം മുടക്കും?
വാഹന ഡെലിവറിക്ക് മുന്പേ തന്നെ ഇന്ഷുറന്സ് ഫോര്മാലിറ്റികള് വാഹന ഡീലര്മാര് പൂര്ത്തിയാക്കാറുണ്ട്. ഇതിനായുള്ള പ്രീമിയവും അവര് നേരത്തേ ഉടമയില് നിന്നും കൈപറ്റും. അതിനാല് തന്നെ ഷോറൂമില് നിന്ന് പുറത്തിറങ്ങും മുന്പുതന്നെ ഇന്ഷുറന്സ് നിലവില് വന്നിരിക്കും.
ഭൂരിഭാഗം പുതിയ വാഹനങ്ങളും വില്ക്കുന്നത് സീറോ ഡെപ്രിസിയേഷന് ഇന്ഷുറന്സോടെയാണ്. ചെറിയ സ്ക്രാച്ച് മുതല് സ്ട്രക്ചറല് ഡാമേജ് വരെയുള്ള എന്ത് അറ്റകുറ്റപ്പണിയുടെയും മുഴുവന് ചെലവും ഇത് വഹിക്കും. അതിനാല് തന്നെ ഉടമയ്ക്ക് പ്രൊസസിങ് ഫീസ് ആയി വളരെ കുറഞ്ഞ തുക മാത്രമേ നല്കേണ്ടി വരാറുള്ളൂ. കഴിഞ്ഞ ദിവസം ഡല്ഹിയിലുണ്ടായ അപകടത്തില് യുവതിക്ക് കേടുപറ്റിയ ഥാര് ശരിയാക്കുന്നതിനായി വലിയ തുകയൊന്നും കയ്യില് നിന്ന് ചെലവാകില്ലെന്ന് സാരം.
ഇന്ഷുറന്സ് പക്ഷെ വാഹനത്തിന് മാത്രമായിരിക്കും. തേഡ് പാര്ട്ടി പ്രോപ്പര്ട്ടിക്ക് ലഭിക്കില്ല. അതിനാല് അപകടത്തില് കേടുപാടുപറ്റിയ ഷോറൂമിനുണ്ടായ നഷ്ടം ഇന്ഷുറന്സ് കമ്പനി നികത്തില്ല. ആ നഷ്ടപരിഹാരം യുവതി തന്നെ നല്കേണ്ടി വരും.
എന്താണ് ചെയ്യേണ്ടത്?
അപകടമുണ്ടായാല് ഉടമ വൈകാതെ ഇന്ഷുറന്സ് കമ്പനിയെ വിവരമറിയിക്കുകയാണ് വേണ്ടത്. തുടര്ന്ന് ഇന്ഷുറന്സ് കമ്പനി കേടുപാടുകള് വിലയിരുത്തുന്നതിന് വേണ്ട് ഒരു സര്വെയറെ നിയോഗിക്കും. തുടര്ന്ന് വാഹനം ഒരു സര്വീസ് സെന്ററിലേക്ക് മാറ്റുകയും അറ്റകുറ്റ പണികള് നടത്തുകയും ചെയ്യും. അറ്റകുറ്റപ്പണികളുടെ പണം ക്യാഷ്ലെസ്സ് ക്ലെയിം അറേഞ്ച്മെന്റിലൂടെ സര്വീസ് സെന്ററിന് ഇന്ഷുറന്സ് കമ്പനി നേരിട്ട് കൈമാറും. അതിനാല് തന്നെ വാഹന ഉടമയുടെ പോക്കറ്റില് നിന്ന് അധിക തുക ചെലവാക്കേണ്ടതായി വരില്ല.
Content Highlights: Delhi Thar Crash: Insurance to Cover Damages, But There's a Catch