ന്യൂഡല്‍ഹി: രാജ്യത്തെ 80 ശതമാനം ഇന്ത്യക്കാരും 100% ജെന്‍ സികളും ബിജെപി വോട്ട് മോഷ്ടിക്കുന്നുവെന്നത് കരുതുന്നതായി രാഹുല്‍ ഗാന്ധി. വോട്ട് മോഷണം ഞങ്ങള്‍ തടഞ്ഞുവെന്നും ഞങ്ങള്‍ ഒരു വഴി അടച്ചപ്പോള്‍ ബിജെപി മറ്റൊരു വഴി തുറക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുറുക്കുവഴിയിലൂടെ അധികാരത്തില്‍ തുടരാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് മണ്ഡല പുനര്‍നിര്‍ണയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിലൂടെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റി വരയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്വന്തം താല്പര്യത്തിന് വേണ്ടി ബിജെപി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കും. ഡീലിമിറ്റേഷന്‍ കമ്മീഷന് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും സഹായം ചെയ്യുമെന്ന് ഉറപ്പാണ്. ഗ്യാനേഷ് കുമാര്‍, ഗ്യാനേഷ് കുമാര്‍ നാമനിര്‍ദേശം ചെയ്യുന്ന ആള്, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുപ്രീം കോടതി ജഡ്ജി ഇവരാണ് ഡീലിമിറ്റേഷന്‍ കമ്മീഷനെന്നും രാഹുല്‍ പരിഹസിച്ചു.
മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ 2011 ലെ സെന്‍സസ് ആണ് അടിസ്ഥാനമാക്കുന്നത്. 16 വര്‍ഷം കൊണ്ട് പിന്നോക്ക വര്‍ഗത്തിന്റെ ജനസംഖ്യ കൂടിയിട്ടുണ്ടാകും. 2027 ലെ പുതിയ സെന്‍സസ് ആണ് മാനദണ്ഡം ആക്കേണ്ടത്. ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ പ്രതിപക്ഷ പ്രതിനിധി വേണം. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനാണ് ബിജെപി ബില്‍ കൊണ്ടുവരുന്നത്. ജെന്‍ സി ഇക്കാര്യങ്ങള്‍ മനസിലാക്കണം. ജെന്‍ സി സ്വപ്നങ്ങളെ ഇല്ലാതാക്കാനുള്ള നമ്പര്‍ ആണ് 850. ബില്ല് വരുന്നതോടെയാണ് സീറ്റെണ്ണം 850 ആയി വര്‍ധിക്കുക. സീറ്റെണ്ണം വര്‍ധിപ്പിക്കാന്‍ പാടില്ല. ഡീലിമിറ്റേഷന്‍ കമ്മീഷന് സ്വന്തന്ത്രമാകണം.
ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വധമാണ്. കേന്ദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജാതി സെന്‍സസിലൂടെ ജനങ്ങളെ മാറ്റി നിര്‍ത്തുന്നു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. ബിജെപിക്കും, അദാനിക്കും, അംബാനിക്കും ബ്ലാങ്ക് ചെക്ക് നല്‍കുന്നത് പോലെയാണ് പുതിയ ബില്ല്. മൊത്തം മണ്ഡലങ്ങളുടെയും ഘടനയെ തകര്‍ക്കാനാണ് ബിജെപി നീക്കം. ഏകാധിപത്യ ഭരണം നടപ്പാക്കുകയാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ എല്ലാം കോണ്‍ഗ്രസിന് ഒപ്പം ഉണ്ട്. സഖ്യത്തില്‍ ഇല്ലാത്തവരും, എന്‍ഡിഎ കക്ഷികളും സാഹചര്യം മനസിലാക്കണം. ഡിഎംകെയും ചന്ദ്ര ബാബു നായിഡുവും ജഗന് മോഹന്‍ റെഡ്ഡിയും ശരിയായ തീരുമാനം എടുക്കണം. ജനധിപത്യത്തിന് നേരെയുള്ള അതിക്രമമാണ് ഇതെന്ന് തിരിച്ചറിയണം. എല്ലാ പാര്‍ട്ടികളോടും ഇതാണ് പറയാനുള്ളത്. എന്‍സിപിയിലെ ശരത് പവാര്‍ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇന്ത്യ മുന്നണിയില്‍ അവര്‍ക്ക് ഉള്ള സ്ഥാനത്തില്‍ മാറ്റമില്ല. ബില്ലിനെ പിന്തുണച്ചാലും എന്‍സിപി (SP) യുടെ മുന്നണിയിലെ സ്ഥാനത്തില്‍ മാറ്റം ഇല്ല. എത്ര കുറുക്കുവഴികള്‍ കണ്ടെത്തിയാലും ഒടുവില്‍ ബിജെപി പരാജയപ്പെടും. ഒരല്പം വൈകിയേക്കാം, പക്ഷെ നിങ്ങള്‍ പരാജയപ്പെടാതിരിക്കില്ല. രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi has accused the BJP of using the proposed Delimitation Bill to gain political advantage, warning that increasing Lok Sabha seats to 850 could threaten Indian democracy and weaken opposition representation