തൃഷ രാഷ്ട്രീയത്തിലേക്ക്? നടിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ സംഘടന

അതേസമയം തൃഷയുടെ സമ്മതത്തോടെയാണ് സംഘടനാ രൂപീകരണം എന്നാണ് ആരാധകരുടെ അവകാശവാദം

ചെന്നൈ: നടി തൃഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ സംഘടന രൂപീകരിച്ച് ആരാധകര്‍. ഇളയ പുരട്ചി തലൈവി തൃഷാ പേരവൈ എന്നാണ് സംഘടനയുടെ പേര്. തിരുനെല്‍വേലിയില്‍ നടന്ന ചടങ്ങില്‍ തൃഷയുടെ ചിത്രമുള്ള ലോഗോയും പുറത്തിറക്കി. അതേസമയം സംഘടന രൂപീകരിച്ചതില്‍ തൃഷയുടെ പങ്ക് വ്യക്തമല്ല. സംഘടനയുടെ കോ - ഓര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന രാജഗോപാല്‍ എന്ന വ്യക്തിയാണ് പേരും ലോഗോയുമടക്കം പുറത്തിറക്കിയത്. തിരുനെല്‍വേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. പദവികളൊന്നും ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തൃഷയുടെ സമ്മതത്തോടെയാണ് സംഘടനാ രൂപീകരണം എന്നാണ് അരാധകരുടെ അവകാശവാദം. ഇക്കാര്യത്തില്‍ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം രാഷ്ട്രീയത്തിലിറങ്ങണം എന്ന ആവശ്യം ഉന്നയിച്ച് മുമ്പ് പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന് തൃഷയ്ക്കും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തൃഷ തുറന്നുപറഞ്ഞിരുന്നു. ഈ അഭിമുഖം ഈയിടെ വീണ്ടും വൈറലായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ താന്‍ ചിലതൊക്കെ നേടിയെടുക്കുമെന്നും കാത്തിരുന്ന് കാണൂവെന്നും താരം പറഞ്ഞിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം വോട്ട് തന്ന് വിജയിപ്പിക്കൂ എന്നിട്ട് പറയാമെന്നായിരുന്നു തമാശരൂപേണയുള്ള തൃഷയുടെ മറുപടി.

Content Highlights: Speculation about actress Trisha's possible entry into politics has surfaced after an organisation was registered in her name in Tamil Nadu. The development has drawn attention amid discussions about the actor's potential political involvement

To advertise here,contact us