തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്

കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അനുവദിച്ച സമ്പൂര്‍ണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

2023ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷന്‍ 16 ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ജെഡി എംപി മനോജ് ഝാ, അഭിഭാഷകന്‍ അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവില്‍, ക്രിമിനല്‍ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ വ്യവസ്ഥ.

അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഈ നിയമപരിരക്ഷ ബാധകമാകുന്നുവെന്നും കോടതികളുടെ അധികാരത്തെയും ജുഡീഷ്യല്‍ പരിശോധനയെയും ഇത് ഹനിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വ്യക്തികള്‍ക്ക് നിയമപരമായ പരിഹാരം തേടാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും അവകാശമുണ്ടെന്നും ഇത്തരം സമ്പൂര്‍ണ നിയമപരിരക്ഷ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവച്ചു.

Content Highlights: The Supreme Court has sought responses from the Centre and Election Commission on a plea challenging lifelong legal immunity granted to election commissioners, with the next hearing scheduled for December 18

To advertise here,contact us