ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന് ആരോപണം; രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്

കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് മാധ്യമപ്രവര്‍ത്തക അപേക്ഷ നല്‍കിയത്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഗര്‍ഭിണിയായ തന്നെ സുപ്രീംകോടതി വളപ്പില്‍വെച്ച് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതിയുമായി മാധ്യമപ്രവര്‍ത്തക സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് മാധ്യമപ്രവര്‍ത്തക അപേക്ഷ നല്‍കിയത്.

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. ഒക്ടോബര്‍ 12ന് പ്രതിപക്ഷ നേതാക്കളുടെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. താന്‍ 11 ആഴ്ചയും മൂന്ന് ദിവസവും ഗര്‍ഭിണിയായിരുന്നുവെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

'മാര്‍ച്ചിനിടയില്‍ രാഹുല്‍ ഗാന്ധി തന്നെ പെട്ടെന്ന് ഗേറ്റിന് നേരെ ശക്തിയായി തള്ളിയിട്ടു. ഇതോടെ ബാലന്‍സ് തെറ്റി വീഴുകയും കൈകള്‍ കുത്തി വീഴ്ചയുടെ ആഘാതം കുറയ്‌ക്കേണ്ടിവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ഉണ്ടായിരുന്ന തിരക്കേറിയ സ്ഥലത്താണ് ഈ സംഭവം നടന്നത്. തള്ളരുതെന്ന് അപേക്ഷിച്ചിട്ടും കേട്ടില്ല. ആള്‍ക്കൂട്ടത്തിലെ സാധാരണ ഉന്തും തള്ളുമല്ലായിരുന്നു ഇത്', മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അപേക്ഷ നല്‍കുകയും തുടര്‍ന്ന് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയുമായിരുന്നു. വീഴ്ചയില്‍ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ തകര്‍ന്നതായും വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന മൈക്രോഫോണിന്റെ റിസീവര്‍ ഇളകിപ്പോയതായും ഹര്‍ജിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ ക്യാമറാമാന്‍ സംഭവം പകര്‍ത്തിയിട്ടുണ്ടെന്നും മൈക്രോഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍ അവരുടെ ശബ്ദം കേള്‍ക്കാമെന്നും പരാതിയിലുണ്ട്.

വീണതിന് പിന്നാലെ അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ സിര്‍ ഗംഗാ റാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു. മരുന്നുകളും തുടര്‍ സ്‌കാനുകള്‍ക്കും പരിശോധനകള്‍ക്കുമുള്ള നിര്‍ദേശങ്ങളും നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. വേദന, രക്തസ്രാവം, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും നിര്‍ദേശിച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു.

'വീഴ്ചയും ഗര്‍ഭസ്ഥ ശിശുവിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയവും പൊതുജനമധ്യേ തള്ളിയിടപ്പെട്ടതിന്റെ അപമാനവും തനിക്ക് കടുത്ത ശാരീരികവും മാനസികവുമായ ആഘാതമുണ്ടാക്കി' എന്നാണ് മാധ്യമപ്രവര്‍ത്തക ഹര്‍ജിയില്‍ പറയുന്നത്. 'സര്‍, എന്നെ തള്ളുകയാണ്', 'ദയവായി തള്ളരുത്' എന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'രാഹുല്‍ ഗാന്ധി സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചതിനാല്‍ തന്റെ ശബ്ദം ഉയര്‍ന്നു കേട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.

താന്‍ വീണിട്ടും സഹായിക്കാന്‍ ആരും എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളോ പ്രവര്‍ത്തകരോ സുരക്ഷാ ഉദ്യോഗസ്ഥരോ തനിക്ക് പരിക്കേറ്റോയെന്ന് അന്വേഷിച്ചില്ലെന്നാണ് ആരോപണം. കൈകളില്‍ നിന്ന് രക്തം വന്ന നിലയില്‍ വശത്തെ നടപ്പാതയിലെത്തിയ താന്‍ ഏകദേശം 40 മിനിറ്റോളം സഹായത്തിനായി കാത്തിരുന്നുവെന്നും അപേക്ഷയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും നേതാക്കളും തന്റെ പരാതിയെ രാഷ്ട്രീയ പ്രചാരണം എന്നാരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ (BNS) 74, 115(2), 125, 131 വകുപ്പുകള്‍, 3(5) വകുപ്പിനൊപ്പം ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: The Supreme Court has issued a notice to Rahul Gandhi on a petition filed by a journalist who alleges that he pushed her during a protest march outside the court premises while she was pregnant. The journalist is seeking legal action, claiming the incident caused physical and emotional trauma

To advertise here,contact us