ഇന്ത്യന്‍ വംശജയായ നോബേല്‍ ജേതാവ് നവനീതം നവി പിള്ളയെ കേന്ദ്രം അഭിനന്ദിക്കാത്തത് ഖേദകരം; വിമര്‍ശനവുമായി ശശി തരൂർ

ഇത്രയും മോശമായ തീരുമാനമെടുത്ത ആ സങ്കുചിത മനസ്ഥിതിക്കാര്‍ക്ക് ലജ്ജ തോന്നണം എന്ന് തരൂര്‍ പറഞ്ഞു

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജയായ ദക്ഷിണാഫ്രിക്കന്‍ നിയമ വിദഗ്ധ നവനീതം നവി പിള്ളയെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടാത്ത കേന്ദ്ര നിലപാടിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഇന്ത്യന്‍ വംശജയായ വനിതയ്ക്ക് ലഭിച്ച നോബല്‍ സമാധാന സമ്മാനത്തില്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അഭിനന്ദന സന്ദേശങ്ങളൊന്നും വരാത്തത് അങ്ങേയറ്റം ഖേദകരമാണ് എന്ന് തരൂര്‍ 'എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ വംശജയായ ഈ അസാധാരണ വനിത നോബല്‍ സമാധാന സമ്മാനം നേടിയിട്ട് ആറ് ദിവസമായി. എന്നിട്ടും, അവരുടെ പൂര്‍വ്വികരുടെ നാടായ ഇന്ത്യയിലെ ഗവണ്‍മെന്റ് അവരെ ഒന്നു അഭിനന്ദിക്കാന്‍ പോലും തയ്യാറായില്ലേ? ഇത്രയും മോശമായ തീരുമാനമെടുത്ത ആ സങ്കുചിത മനസ്ഥിതിക്കാര്‍ക്ക് ലജ്ജ തോന്നണം എന്ന് തരൂര്‍ പറഞ്ഞു.

തമിഴ്നാട് സ്വദേശികളായ പൂര്‍വ്വികരെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെങ്കിലും, ആരുടെയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പിള്ളയുടെ ജീവിതയാത്ര വിവരിക്കുന്ന, എഐ വീഡിയോയും തരൂര്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമരംഗത്തെ അവരുടെ ദീര്‍ഘകാല ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിട്ട പ്രതിസന്ധികള്‍ വിവരിക്കുന്നതാണ് വീഡിയോ. നവി പിള്ളയുടെ പൂര്‍വികര്‍ 130 വര്‍ഷം മുമ്പാണ് തമിഴ്‌നാട് വിട്ട് പോകുന്നത്. ആദ്യം ശ്രീലങ്കയിലേക്ക് പലായനം ചെയ്ത ഇവര്‍ പിന്നാലെ സൗത്ത് ആഫ്രിക്കയിലേക്ക് പോകുകയായിരുന്നു. നവി പിള്ളയുടെ നോബേല്‍ പ്രൈസ് വിജയം തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ ആഘോഷിച്ചത് ലോക ശ്രദ്ധയിലെത്തിയിരുന്നു. 1941 സൗത്ത് ആഫ്രിക്കയില്‍ ജനിച്ച ഇവര്‍ കടുത്ത ദാരിദ്രവും വര്‍ണവിവേചനവും അനുഭവിച്ചായിരുന്നു വളര്‍ന്നുവന്നത്.

നാറ്റല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ പിള്ള, 1988-ല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് ഡോക്ടറേറ്റ് നേടി. വര്‍ണ്ണവിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിച്ചതും, 1995-ല്‍ ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതിയില്‍ നിയമിതയാകുന്ന ആദ്യത്തെ 'വെളുത്ത വര്‍ഗ്ഗക്കാരി അല്ലാത്ത' വനിതയായി മാറിയതും അവരുടെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളാണ്. തുടര്‍ന്ന്, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവര്‍ സേവനമനുഷ്ഠിച്ചു. റുവാണ്ട ട്രൈബ്യൂണലില്‍ പ്രവര്‍ത്തിക്കുമ്പോള്‍, 1998-ലെ സുപ്രധാനമായ 'അകായേസു വിധി' (Akayesu judgment) പുറപ്പെടുവിക്കുന്നതില്‍ അവര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍ ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും വംശഹത്യയായി കണക്കാക്കാമെന്ന് ഈ വിധി അംഗീകരിച്ചു. സമാാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി ആദരിച്ചു.

Content Highlights: Congress MP Shashi Tharoor criticised the Centre for not issuing a congratulatory message to Indian-origin South African legal expert Navi Pillay after she received the Nobel Peace Prize, according to the report. In a post on X, Tharoor described the absence of a message as deeply regrettable and questioned why India had not acknowledged the achievement six days after the announcement.

To advertise here,contact us