ന്യൂഡല്ഹി: അമേരിക്കയും പാകിസ്താനും തമ്മില് യുദ്ധം ഉണ്ടായാല് തങ്ങള് പാകിസ്താനോടൊപ്പം നില്ക്കുമെന്ന് എംപിയും രാജസ്ഥാന് ബിജെപി പ്രസിഡന്റുമായ മദന് റാത്തോഡ്. വലിയ വിമര്ശനങ്ങള്ക്കും വിവാദങ്ങള്ക്കുമാണ് ബിജെപി അധ്യക്ഷന്റെ പരാമര്ശം വഴിവെച്ചിരിക്കുന്നത്. 'യുഎസും പാകിസ്താനും തമ്മില് യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില് ഞങ്ങള് പാകിസ്താനോടൊപ്പം നില്ക്കും, അവരാണല്ലോ നമ്മുടെ അയല് രാജ്യം' എന്നായിരുന്നു മദന് റാത്തോഡിന്റെ പരാമര്ശം. ബിജെപി നേതാവിന്റെ പരാമര്ശത്തിനെതിരെ കോണ്ഗ്രസ് രംഗത്ത് വന്നിരുന്നു.
റത്തോറിന്റെ വീഡിയോ ഫേസ്ബുക്കില് പങ്കുവെച്ച കോണ്ഗ്രസ് നേതാല് ഷമ മുഹമ്മദ് ഇതില് ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിലപാട് എന്താണെന്ന് ചോദിച്ചു. നമ്മുടെ ജവാന്മാരെയും ജനങ്ങളേയും കൊലപ്പെടുത്തുന്ന പാകിസ്താന് എന്ന ഭീകര രാഷ്ട്രത്തോട് ബിജെപിക്കുള്ള പ്രേമം വീണ്ടും വെളിവാകുന്നതാണ് റത്തോഡിന്റെ പരാമര്ശം എന്നാണ് ഷമ മുഹമ്മദ് കുറ്റപ്പെടുത്തിയത്. മോദിയും ഷായും ഉള്പ്പെടെ പാകിസ്താനോടൊപ്പമാണോ എന്നും റാത്തോഡിനെതിരെ നടപടി ഉണ്ടാകുമോ എന്നും കോണ്ഗ്രസ് ചോദിച്ചു. എഎപി യുവനേതാവ് രമേശ് മതിലാല്, വിനയ് മഹാബാല് മിശ്ര എന്നിവരും റത്തോഡിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ബിജെപിയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ അടുപ്പമാണ് ഇതിലൂടെ വെളിവാകുന്നതെന്നായിരുന്നു എഎപി യുപി വൈസ് പ്രസിഡന്റ് റാം ഗുപ്തയുടെ പ്രതികരണം.
അതേസമയം രാഹുല് ഗാന്ധി വിദേശ ശക്തികളുടെ കൂട്ട് പിടിച്ച് ലോകത്തില് അനുദിനം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ തകര്ക്കാന് നോക്കുകയാണ് എന്നായിരുന്നു മദന് റാത്തോഡിന്റ വിമര്ശനം. ചില വ്യക്തികളും സംഘടനകളും വിദേശ പണത്താല് ഏകോപിപ്പിക്കപ്പെടുകയാണെന്നും അവരാണ് രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തെ തകര്ക്കാന് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാനാധ്യക്ഷന് കുറ്റപ്പെടുത്തി.
Content Highlights: Rajasthan BJP president Madan Rathore has sparked controversy by stating that India would stand with Pakistan if a conflict broke out between the United States and Pakistan, describing Pakistan as a neighbouring country. Congress has criticised the remarks, triggering a political debate over the BJP leader’s statement.