ന്യൂഡല്ഹി: ഒക്ടോബര് 28നകം ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിക്കാന് ഒരുങ്ങി ബോളിവുഡ് താരം ഇമ്രാന് ഖാന്. ഇമിഗ്രേഷന് ആന്ഡ് ഫോറിനേഴ്സ് ആക്ട് ലംഘിച്ചെന്ന ആരോപണത്തെ തുടര്ന്നാണ് നോട്ടീസ് നല്കിയതെന്നാണ് റിപ്പോര്ട്ട്. ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ കാര്ഡുള്ളവര്ക്ക് പ്രതിഷേധങ്ങളില് പങ്കെടുക്കുന്നതിന് നിലവിലെ നിയമങ്ങളിലോ ചട്ടങ്ങളിലോ വിലക്കില്ലെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര് 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയില് നടന്ന പ്രതിഷേധത്തില് പങ്കെടുത്തതിനെ തുടര്ന്നാണ് നടപടി. എസ്ഐആറിനെതിരായ പ്രതിഷേധങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. പങ്കാളി ലേഖ വാഷിങ്ടണും ബന്ധു സെയ്ന് മേരി ഖാനും ഒപ്പമാണ് ഇമ്രാന് ഖാന് പ്രതിഷേധത്തിനെത്തിയത്. തുടര്ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്നുതന്നെ വിട്ടയച്ചു. ഇന്ത്യയില് ജനിച്ചുവളര്ന്ന ഇമ്രാന് ഖാന് അമേരിക്കന് പൗരനാണ്. ഒസിഐ കാര്ഡിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില് താമസിക്കുന്നത്. ബോളിവുഡ് താരം ആമിര് ഖാന്റെ അനന്തരവന് കൂടിയാണ് അദ്ദേഹം.
ഇന്ത്യയിലെ താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകള് ലംഘിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതര് നടപടിയെടുത്തതെന്നാണ് റിപ്പോര്ട്ട്. എന്നാല്, മുംബൈയില് താമസിക്കുന്ന വ്യക്തിയെന്ന നിലയില് സ്വന്തം താല്പര്യപ്രകാരമാണ് പ്രതിഷേധത്തില് പങ്കെടുത്തതെന്നും സംഘടിത രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
Content Highlights: Actor Imran Khan plans to challenge the notice directing him to leave India by October 28 in the Bombay High Court, following his participation in a protest against CEC Gyanesh Kumar