നാളെ നടക്കുന്ന പ്രതിഷേധത്തിന് മുമ്പേ സിജെപിക്കും അഭിജീത് ദീപ്കെയ്ക്കുമെതിരെ നടപടി എടുക്കും; ഡൽഹി പൊലീസ്

ഹൈക്കോടതിയിൽ നല്‍കിയ മറുപടിയിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യങ്ങല്‍ അറിയിച്ചത്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്കും അഭിജീത്ത് ദീപ്‌കെയ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ്. നാളെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ നല്‍കിയ മറുപടിയിലാണ് ഡല്‍ഹി പൊലീസ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. കൊണോട്ട് പ്ലേസ് പരിസരത്തെ കച്ചവടക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി നല്‍കിയത്. കൊണോട്ട് പ്ലേസിലെ പ്രതിഷേധം വ്യാപാരികളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കച്ചവടക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി കോക്രോച്ച് ജനതാ പാര്‍ട്ടി നാളെ നടത്താനിരുന്ന പ്രതിഷേധത്തിന് ഡല്‍ഹി കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തിനാണ് അനുമതി നിഷേധിച്ചത്.

ഗ്യനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കിയിരുന്നു.

അതിനിടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ഇന്നും തുടർന്നിരുന്നു. മിന്നൽ സമരവുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഉച്ചയോടെ ഡല്‍ഹിയില്‍ എഐഎസ്എഫ് - എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു . ദേശീയ പതാകയുമായാണ് പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിലേക്ക് ഇരച്ചെത്തിയത്. കനത്ത മഴയെയും അവഗണിച്ചായിരുന്ന പ്രതിഷേധം നടന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാനമായും പ്രതിഷേധത്തില്‍ ഉണ്ടായിരുന്നത്. പൊലീസ് പ്രതിഷേധത്തെ തടയുകയും പ്രവര്‍ത്തകരെ വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. വനിതാ പ്രവര്‍ത്തകര്‍ അടക്കം ഉള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Content Highlights: Delhi Police says it will take action against CJP and Abhijeet Deepke ahead of the protest scheduled for tomorrow.

To advertise here,contact us