അടുത്ത സമര നീക്കമെന്ത്? ഡല്‍ഹിയില്‍ ഇന്നും മിന്നല്‍ പ്രതിഷേധത്തിന് സാധ്യത, തിരക്കിട്ട ചർച്ചകളുമായി സംഘനകള്‍

ഗ്യാനേഷ് കുമാറിന്റെ രാജിയോടൊപ്പം ജന്തര്‍ മന്തര്‍ സമര കേന്ദ്രമായി നിലനിര്‍ത്താനായും പോരാട്ടം തുടരുമെന്ന് എ എ റഹീം എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും മിന്നല്‍ പ്രതിഷേധം തുടരാന്‍ നീക്കവുമായി യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍. ഉച്ചയോടെ കൊണാട്ട് പ്ലേസ്, ജന്‍ പഥ്, മാണ്ഡി ഹൗസ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്താനാണ് നീക്കം. എസ്‌ഐആര്‍ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ പൗര പ്രമുഖരുടെ നേതൃത്വത്തില്‍ കൂടിയാലോചനാ യോഗവും ഇന്ന് ചേരും. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരുമെന്നാണ് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജിയോടൊപ്പം ജന്തര്‍ മന്തര്‍ സമര കേന്ദ്രമായി നിലനിര്‍ത്താനായും പോരാട്ടം തുടരുമെന്ന് എ എ റഹീം എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രാജ്യത്ത് ഉടനീളം ജന്തര്‍ മന്തര്‍ സൃഷ്ടിക്കും. വരുന്ന മണിക്കൂറുകളില്‍ യുജന വിദ്യാര്‍ത്ഥി സംഘടനകളുടെ മിന്നല്‍ സമരം ഡല്‍ഹിയില്‍ ഉണ്ടാകും. ഇടത് വിദ്യാര്‍ത്ഥി യുജന സംഘടനകളുടെ സംയുക്തമായ ഒരു സമര നീക്കത്തിന് തലസ്ഥാനം സാക്ഷിയാകുമെന്നും റഹീം വ്യക്തമാക്കി. ജന്തര്‍ മന്തറിലെ നിരോധനം വളരെ പ്രതിഷേധാര്‍ഹമാണ്. എവിടെ സമരം ചെയ്യണമെന്ന് ഭരണകൂടമല്ല നിശ്ചയിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തകര്‍ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ ആഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും പറഞ്ഞു. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി സമരം തുടരും. വരും സമയങ്ങളില്‍ മിന്നല്‍ സമരങ്ങളെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിജെപി നേതാക്കളെ റിമാന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. മാരകായുധങ്ങളായിരുന്നില്ല അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയായിരുന്നു. പ്രതിഷേധിക്കാനുള്ള അധികാരം പോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് ആദര്‍ശ് ചൂണ്ടിക്കാട്ടി. നിങ്ങള്‍ 1,20,000 രൂപ നല്‍കിയിട്ട് പ്രതിഷേധിക്കൂ എന്നാണ് ഭരണകൂടം പറയുന്നത്. രാം ലീല മൈദാനിയില്‍ അടക്കം അതാണ് നിലപാട്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതെന്നും എസ്എഫ്‌ഐ നേതാവ് വിമര്‍ശനമുയര്‍ത്തി.

പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് ഡിവൈഎഫ്‌ഐ ആഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ജെയ്ക് സി തോമസും വ്യക്തമാക്കി. ജന്തര്‍ മന്തറിലെ സമര നിരോധനം കൂടി ഡിവൈഎഫ്‌ഐ മുദ്രാവക്യമായി ഉയര്‍ത്തും. ഡല്‍ഹിയെ സമരരഹിത തലസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രം പരിശ്രമിക്കുന്നത്. ഔദാര്യത്തില്‍ കാശ് കൊടുത്ത് നടത്തേണ്ട ഏര്‍പ്പാടല്ലല്ലോ സമരം എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പാടില്ലെന്ന് ഏതെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നമുക്ക് അംഗീകരിക്കാനാകുമോ. ജന്തര്‍ മന്തറിനെ തിരികെ പിടിക്കുക എന്നത് പ്രധാന കാര്യമാണ്. ഏത് നിമിഷവും സമരം പ്രതീക്ഷിക്കാമെന്നും അതാണ് ഇപ്പോള്‍ ഡല്‍ഹി ആവശ്യപ്പെടുന്നതെന്നും ജെയ്ക്ക് വ്യക്തമാക്കി.

കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതിഷേധം മുന്നോട്ട് പോകുന്നതെന്നും അത് തുടരുമെന്നും കെ ശിവദാസന്‍ എംപിയും വ്യക്തമാക്കി. അര്‍ഹരായ വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റുന്നതാകരുത് രാജ്യത്തെ വോട്ടര്‍ പട്ടികാ പരിഷ്‌കരണം. ഇപ്പോള്‍ തുടരുന്ന സമരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തകര്‍ക്കാനാണ് ഡല്‍ഹി പൊലീസ് ശ്രമിക്കുന്നത്. എസ്‌ഐആറും എഫ്‌ഐആറും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ഉപകരണമായി മാറുകയാണ്. ഇതിനെ വെച്ച് തകര്‍ക്കാന്‍ കഴിയുന്നതല്ല രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സമര ശക്തിയെന്നും എംപി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി പൊലീസ് എത്ര കള്ളക്കേസ് എടുത്താലും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Youth and student organisations plan to continue sudden protests demanding Gyanesh Kumar’s resignation over alleged SIR irregularities. Marches are planned towards Connaught Place, Janpath and Mandi House around noon. A consultation meeting led by prominent citizens is also scheduled to discuss intensifying the protest. The organisations have warned that demonstrations will continue until Gyanesh Kumar resigns.

To advertise here,contact us