ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി. കോടതി നേരത്തെ നിർദേശങ്ങൾ നൽകിയിട്ടും പൊലീസ് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ്റെ ബെഞ്ച് ചോദിച്ചു. ഭീകരവാദ ഭീഷണി നിലനിൽക്കുന്ന ജമ്മു കശ്മീരിൽ ആർഎസ്എസിന് മാർച്ച് നടത്താൻ കഴിയുമ്പോൾ തമിഴ്നാട്ടിൽ മാത്രം എന്തുകൊണ്ടാണ് ആവർത്തിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു. 'ഭീകരവാദം വ്യാപകമായ ജമ്മു കശ്മീരിൽ മാർച്ച് നടത്താൻ ആർഎസ്എസിന് കഴിയുമെങ്കിൽ, തമിഴ്നാട് പൊലീസ് എന്തുകൊണ്ടാണ് എല്ലാ വർഷവും അവർക്ക് അനുമതി നിഷേധിക്കുന്നത്?' എന്നാണ് മദ്രാസ് ഹൈക്കോടതി ചോദിച്ചത്. ആർഎസ്എസ്, ദ്രാവിഡർ കഴകം എന്നീ സംഘടനകൾ സംഘടിപ്പിക്കുന്ന ഘോഷയാത്രകൾക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുന്നതിനെയും കോടതി വിമർശിച്ചു. ഇതേത്തുടർന്ന് അനുമതിക്കായി സംഘടനകൾക്ക് കോടതിയെ സമീപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. നെരത്തെ വിജയ് സർക്കാർ ആർഎസ്എസിൻ്റെ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു.
'ഈ സർക്കാർ ഏത് ഘോഷയാത്രയ്ക്കും എതിരാണ്. ദ്രാവിഡർ കഴകത്തിനും ആർഎസ്എസിനും അനുമതി നിഷേധിക്കുകയാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിലൂടെ സർക്കാർ പൗരന്മാരെ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും കോടതി വിമർശിച്ചു. സർക്കാർ പൗരന്മാരെ ശത്രുക്കളായാണ് കാണുന്നത്. അധികാരത്തിൽ വരുന്ന ഏത് സർക്കാരായാലും അനുമതി നിഷേധിക്കുകയാ'ണെന്നും ജസ്റ്റിസ് വി ലക്ഷ്മിനാരായണ പറഞ്ഞു. ആർഎസ്എസ് അംഗമായ വി ജി ജഗദീശൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ഒക്ടോബർ 18, 25, നവംബർ 1 തീയതികളിലോ മറ്റ് അനുയോജ്യമായ ദിവസങ്ങളിലോ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടിയാണ് ജഗദീശൻ കോടതിയെ സമീപിച്ചത്. ആർഎസ്എസിന് എല്ലാ വർഷവും മാർച്ചിന് അനുമതി നിഷേധിക്കപ്പെടുന്നുവെന്നും അനുമതിക്കായി വീണ്ടും വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുന്നുവെന്നുമായിരുന്നു ജഗദീശനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ എൽ രാജയുടെ വാദം.വിജയദശമിയോടനുബന്ധിച്ച് സംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് മാർച്ച് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയെ സമീപിക്കാൻ സാമ്പത്തികവും സംഘടനാപരവുമായ ശേഷിയില്ലാത്ത ചെറുകിട സംഘടനകളുടെ അവസ്ഥയും രാജ ചൂണ്ടിക്കാട്ടി. ആർഎസ്എസിനെപ്പോലുള്ള ഒരു സംഘടനയ്ക്ക് കോടതിയെ സമീപിച്ച് അനുമതി തേടാൻ കഴിയും. എന്നാൽ കോടതിയെ സമീപിക്കാനുള്ള ശേഷിയില്ലാത്ത ചെറിയ പാർട്ടികളുടെ കാര്യമോ? എന്ന വാദവും അദ്ദേഹം കോടതിയിൽ ഉയർത്തി.
ആർഎസ്എസ് പൊതുയോഗങ്ങൾ നടത്താൻ നിർദേശിച്ച സ്ഥലങ്ങൾ അത്തരം പരിപാടികൾക്കായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ളവയല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ നാരായൺ കോടതിയെ അറിയിച്ചു. മാർച്ചുകൾ സമാധാനപരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഹർജിക്കാരുടെ ഭാഗത്തുനിന്നുള്ള അഞ്ച് പ്രതിനിധികൾ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ജോൺ സത്യനെ കാണണമെന്ന് കോടതി നിർദേശിച്ചു. ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി സമാധാനപരമായ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ആർഎസ്എസിന്റെ റൂട്ട് മാർച്ചുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി നേരത്തേ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 2024-ലും മാർച്ചുകൾക്ക് പൊലീസ് അനുമതി നിഷേധിച്ചതോടെ സംഘടന വീണ്ടും കോടതിയെ സമീപിച്ചു. പൊതുജനങ്ങളുടെയും സംഘാടകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നാണ് 2024 ഒക്ടോബറിൽ നിർദിഷ്ട മാർച്ചുകൾക്ക് അനുമതി നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പൊതുവായ കാരണം മാത്രം ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാനാകില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. മാർഗനിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിന് പകരം പുതിയതും അടിസ്ഥാനരഹിതവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംഘാടകരെ വീണ്ടും വീണ്ടും കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കരുതെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: The Madras High Court questions the repeated denial of permission for RSS route marches in Tamil Nadu and asks why the police continue to impose restrictions despite earlier court directions