മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഗവർണർ രാജേന്ദ്ര ആർലേകറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. നരേന്ദ്ര മോദി പങ്കെടുത്ത മ​ദ്രാസ് ഐഐടിയിലെ ചടങ്ങിൽ വന്ദേമാതരത്തിന് പകരം ദേശീയ ​ഗാനം ആലപിച്ചാണ് ആരംഭിച്ചത്. അതിന് പിന്നാലെ സംസ്ഥാന ​ഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേകറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ചെന്നൈയിലെ ഐഐടി മദ്രാസ് ക്യാമ്പസിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ തമിഴ്‌നാട്ടിലുടനീളം നടപ്പിലാക്കുന്ന 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യ വികസനം, ഊർജ സംഭരണം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, തുറമുഖം, പെട്രോളിയം, ശാസ്ത്ര ഗവേഷണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേർന്ന് ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ആദ്യ പാതയായ പൂനമല്ലി–വടപളനി പാത ഉദ്ഘാടനം ചെയ്തിരുന്നു.

തമിഴ് തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതും തമിഴ് തായ് വാഴ്ത്തിനെ പരിപാടികളുടെ ക്രമത്തിൽ പിന്നിലേക്ക് മാറ്റിയതും തമിഴ്നാട്ടിഷ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ തമിഴ് തായ് വാഴ്ത്തിന് പരമ്പരാഗതമായി ലഭിച്ചുവരുന്ന പ്രധാന സ്ഥാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരത്തേ പ്രധാനമന്ത്രിയെ സമീപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ ഗവർണർ രാജേന്ദ്ര ആർലേകർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ രാഷ്ട്രീയ വിവാദം ഉണ്ടായിരുന്നു. ഉപരാഷ്ട്രപതിയുടെ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും ചർച്ചയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഭരണഘടനാ പദവിയിലുള്ളവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ച് വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്നായിരുന്നു ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രതികരണം. വന്ദേമാതരം പൂർണ്ണമായി പാടണമെന്ന ആവശ്യത്തിന് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വിമർശനം. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ തന്നെയാണ് തമിഴ്നാടിൻ്റെ ഗവർണർ പദവിയും വഹിക്കുന്നത്. രാജേന്ദ്ര ആർലേകർ പങ്കെടുത്ത പരിപാടിയിലാണ് ചെന്നൈയിൽ ഇന്ന് വന്ദേമാതരം ഒഴിവാക്കിയതെന്നതാണ് ശ്രദ്ധേയം.

Content Highlights: Vande Mataram was not played at an event attended by Prime Minister Narendra Modi at IIT Madras, where the Indian national anthem and Tamil Thai Vazhthu were sung.

To advertise here,contact us