റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന് മുഹമ്മദ് യൂസഫ് അലി സൗദിയിലെത്തിയത് ഉംറയ്ക്ക് പോകാന്‍. തീര്‍ത്ഥാടനത്തിനായി പോയ 13 അംഗ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ്. ബാഗുകള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തോടൊപ്പം കുടുംബത്തിലെ മറ്റു ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മകന് അമാന്‍ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും മറ്റൊരു മകന് വസേയ്ക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോര്‍ട്ട്. മകള്‍ മറിയവും ഭാര്യ സമീറയും സുരക്ഷിതരാണെന്ന് ഇവരുടെ കുടുംബം അറിയിച്ചു. യൂസഫ് അലിയുടെ ബന്ധുവായ ആത്തിയ സുല്‍ത്താനയ്ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. ഹൈദരാബാദിലെ മെഹ്ദിപട്ടണത്താണ് കുടുംബം താമസിക്കുന്നത്. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 10 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 പേര് ആക്രമണത്തില്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറാന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍, ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ എന്നിവയെ ഇറാന് ലക്ഷ്യമിടുകയാണ്.
Content Highlights: Indian national Mohammed Yusuf Ali was lost life in the Riyadh airport attack while visiting Saudi Arabia with his family for Umrah