ന്യൂ ഡൽഹി: തന്റെ മുത്തശ്ശിയുടെ മരണം അറിയിച്ചുകൊണ്ട് ഡൽഹി പൊലീസ് പങ്കുവെച്ച വീഡിയോക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. അഭിഭാഷകനോട് സംസാരിക്കാനായി ഫോൺ ചോദിച്ച ഭാഗം എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നും പുലർച്ചെ 3.30ന് അറസ്റ്റ് രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ മാനുഷികത എവിടെപ്പോയി എന്നും അഭിജീത് ദീപ്കെ ചോദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അഭിജിത് മറുപടി നൽകിയത്.
ഡൽഹി പൊലീസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിജീത് മറുപടി നൽകിയത്. 'കസിന്റെ നമ്പറിനായി എൻ്റെ ഫോൺ ചോദിച്ച ഭാഗവും, അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഭാഗവും നിങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തത്? മുത്തശ്ശിയുടെ മരണവാർത്ത അറിയിച്ചതിൻ്റെയും വീട്ടിലെത്തിക്കാൻ വാഹനം വാഗ്ദാനം ചെയ്തതിൻ്റെയും പേരിൽ ഇപ്പോൾ ധാർമ്മികതയുടെ മേൽവിലാസം അവകാശപ്പെടുന്ന അതേ ഡൽഹി പോലീസ് തന്നെയാണ്, പുലർച്ചെ 3:30-ന് അറസ്റ്റ് രേഖകളുമായി വന്ന് അതിൽ ഒപ്പിടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. പുലർച്ചെ 3:30-ന് ആ മാനുഷികതയെല്ലാം എവിടെപ്പോയി?'
'എൻ്റെ മുത്തശ്ശി മരിച്ച വിവരം അറിഞ്ഞിട്ടും, അറസ്റ്റ് രേഖകളിൽ ഒപ്പിടണമെന്ന് അവർ നിർബന്ധം പിടിച്ചു. എന്നാൽ അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കുന്നത് വരെ ഞാൻ അതിന് വിസമ്മതിക്കുകയായിരുന്നു'; അഭിജീത് ദീപ്കെ പറഞ്ഞു.
ഇന്ന് കാലത്താണ് പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന സിജെപി നേതാക്കളായ അഭിജീത് ദീപ്കെയെയും സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പുറത്തിറങ്ങിയത്. ഡല്‍ഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മൂന്ന് പേരെയും മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
യൂട്യൂബർ ദ്രുവ് റാഠിയെയും പൊലീസ് ഇന്ന് കാലത്ത് വിട്ടയച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്തതല്ല എന്നും കസ്റ്റഡിയിൽ എടുത്തതല്ല എന്നും തട്ടിക്കൊണ്ട് പോയതാണ് എന്നുമാണ് ദ്രുവ് റാഠി പിന്നീട് പറഞ്ഞത്. 'ഞാന്‍ ഇന്ത്യന്‍ പൗരനാണ്. രാവിലെ വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ ആളുകളായിരുന്നു. പൊലീസ് അല്ല, എന്നോടും ഒന്നും പറഞ്ഞില്ല. ഒന്നും പറയാന്‍ സമ്മതിച്ചില്ല. ക്രിമിനലിനെ പോലെ പെരുമാറി. ചെരുപ്പിടാന്‍ പോലും സമയം നല്‍കിയില്ല. എന്റേത് ഇന്ത്യന്‍ പാസ്പോര്‍ട്ടാണ്. നെയിം പ്ലേറ്റ് പോലും ഇല്ലാത്തവരാണ് വന്നത്. 50ലധികം പൊലീസ് ഗുണ്ടകള്‍ എത്തി. അഭിഭാഷകരെ വിളിക്കാന്‍ സമ്മതിച്ചില്ല. അഭിഭാഷകരെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ചെരുപ്പ് ഇടാന്‍ പോലും സമ്മതിച്ചില്ല'; ദ്രുവ് പറഞ്ഞു.
Content Highlights: CJP founder Abhijeet Deepke has criticised a video shared by Delhi Police informing him about his grandmother's death. Responding on social media, he questioned why the portion in which he asked for a phone to speak to his lawyer was omitted from the video. He also questioned the lack of humanity when he was asked to sign arrest documents at 3:30 a.m.