ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് വിചിത്രമായ നടപടിയാണെന്ന് പിണറായി വിജയന് പറഞ്ഞു. രാവിലെ പത്തരയ്ക്കാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് ഒരു ബൊലേറോ ജീപ്പിലേക്ക് മാറ്റി. ആ യാത്ര മൂന്നര മണിക്കൂര്‍ നീണ്ടു. അവിടെ നിന്ന് തങ്ങളെ ഛത്രസാല്‍ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ കുറച്ചുസമയം ചെലവഴിച്ചു. ജന്തര്‍ മന്തറില്‍ നിന്ന് അധികം ദൂരമില്ലാത്ത മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് തങ്ങളെ എത്തിക്കാന്‍ ഇത്രയും സമയം വേണോ?. മൂന്ന് മണിക്കൂര്‍ റോഡിലൂടെ എന്തിന് കറക്കിയെന്ന് പിണറായി വിജയന് ചോദിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ എന്തിന് ഡല്‍ഹിയാകെ കാണിച്ചു?. തങ്ങളെ മന്ദിര്‍മാര്‍ഗിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അവിടെയുള്ള പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. രണ്ടര ആയപ്പോഴാണ് തങ്ങളെ അവിടെ കൊണ്ടുവന്നത്. അതുവരെ ഭക്ഷണം കഴിച്ചിരുന്നില്ല. പൊലീസുകാര്‍ തയ്യാറാക്കിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പിണറായി വിജയന് പറഞ്ഞു.
ഉന്നതാധികാരികള്‍ പറയുന്നതല്ലേ പൊലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. പൊലീസിന്റെ സമീപനം മേലധികാരികളുടെ നിലപാടിനെ ആശ്രയിച്ചാണ്. കേന്ദ്രസര്ക്കാണ് അതിന് പിന്‍ബലം നല്‍കുന്നത്. പ്രത്യേകിച്ച് മോദിയും അമിത് ഷായും. അവരുടെ സമീപനത്തിന്റെ ഭാഗമായാണ് പൊലീസ് ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ഇതുകൊണ്ടൊന്നും പ്രക്ഷോഭം തണുത്തുപോകില്ല. കൂടുതല്‍ കരുത്താകും.രാജ്യത്ത് പൊതുവില്‍ ജനാധിപത്യ നിഷേധത്തിന് എതിരെയുള്ള വികാരം ശക്തിപ്പെട്ട് വരികയാണ്. അതില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പ്രക്ഷോഭം കരുത്തോടെ വളര്‍ന്നുവരും. അടിയന്തരാവസ്ഥയിൽ ശാരീരിക മർദ്ദനമായിരുന്നു. ഇവിടെ മാനസികമായി തളർത്താനാണ് അവർ നോക്കിയത്. അങ്ങനെ തളർന്ന് പോകുന്നവരല്ലല്ലോ തങ്ങളെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Content Highlights- Pinarayi Vijayan questioned a police action involving a three hour road journey, asking why the person was driven around for so long.