ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ മുമ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതാക്കള്‍ രാജ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നും ഇവിഎം മാറ്റി പേപ്പര്‍ ബാലറ്റ് കൊണ്ടുവരണമെന്നും എസ്ഐആര്‍ നടപടികളെല്ലാം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'രാഷ്ട്രപതിയുടെ മുമ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതാക്കള്‍ രാജ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. ഗ്യാനേഷ് കുമാറിനെ മാറ്റണം, ഇവിഎം മാറ്റി പേപ്പര്‍ ബാലറ്റ് കൊണ്ടുവരണം, എസ്ഐആര്‍ നടപടികളെല്ലാം നിര്‍ത്തിവെക്കണം. രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കോണ്സ്പിറന്സിയാണ് നടന്നിരിക്കുന്നത്. അതവസാനിപ്പിക്കണം എന്നാണ് രാഷ്ട്രപതിയോട് പറഞ്ഞത്. തിങ്കളാഴ്ച പൂര്‍വ്വാധികം ശക്തിയോടെ വരും', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ച് അൽപം മുമ്പാണ് രാഷ്ട്രപതിയെ കാണാൻ നോതാക്കൾ എത്തിയത്. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതിയെ കാണാൻ അനുമതി നല്‍കിയിരുന്നത്. ഇതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ യോഗം ചേര്‍ന്നിരുന്നു.
ഇതിന് പിന്നാലെ എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍വെച്ച് എംപിമാരെ പൊലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ രാഷ്ട്രപതി ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധി, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ് കുമാര്‍, കെ സി വേണുഗോപാൽ ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മമത ബാനര്‍ജി, രാജീവ് റായ്, സുപ്രിയ സുലേ, മനോജ് ഝാ, എം എ ബേബി, ഡി രാജ, ഒമര്‍ അബ്ദുള്ള, തോല് തിരുമാവളവന് എന്നിവര്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിച്ചത്.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട തെളിവുകള്‍ രാഷ്ട്രപതി ആവശ്യപ്പെട്ടുവെന്നും അത് തങ്ങള്‍ കൈമാറുമെന്നും രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രപതി ഉള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KC Venugopal Says INDIA Alliance Urged President To Halt Special Intensive Revision Process