'ആരെത്ര ബഹളം വച്ചാലും എൻ്റെ പ്രവര്‍ത്തനം തുടരും'; പ്രതിപക്ഷത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ആരെത്ര ബഹളം വച്ചാലും തന്റെ പ്രവര്‍ത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടു.

പത്താമത് മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധനമാന്ത്രി പ്രതിപക്ഷത്തിന് പരോക്ഷ മറുപടി നൽകിയത്. കൃത്യമായി ഒന്നു പറയുന്നില്ലെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ സമരം തനിക്കെതിരാണെന്ന് മോദി തിരിച്ചറിയുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ വിഷയത്തില്‍ യാതൊരു മറുപടിയും മോദി പറഞ്ഞിരുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയതോടെയാണ് മോദിയുടെ മറുപടി എന്നാണ് നിഗമനം. ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്‌നേഹിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് സദസിനോടും മോദി ചോദിക്കുന്നുണ്ട്. പിന്നാലെ കയ്യടിയും സദസില്‍ നിന്ന് ഉയര്‍ന്നിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചു.

Content Highlights: Amid growing protests against Chief Election Commissioner Gyanesh Kumar, Prime Minister Narendra Modi made an indirect response to Congress criticism. Modi said he would continue his work despite the noise and claimed that Rs 5 lakh crore had been prevented from going into wrong hands.

To advertise here,contact us