ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരജ്വാല ഉയര്‍ത്തി ഇൻഡ്യ സഖ്യ എംപിമാര്‍. പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്കാണ് നീങ്ങിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ മുന്‍ നിരയിലുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് - ഇടതുപക്ഷ എംപിമാരും സമരത്തിന്റെ ഭാഗമായി അണി നിരന്നിട്ടുണ്ട്.
തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വൈരം മാറ്റിവെച്ച് ഡിഎംകെ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായത് വലിയ രാഷ്ട്രീയ മാനങ്ങളാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. 'ജനാധിപത്യത്തെ രക്ഷിക്കൂ… വോട്ട് രക്ഷിക്കൂ' എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. 500 മീറ്റര്‍ മാത്രമാണ് ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞടുപ്പ് കമ്മീഷന് ആസ്ഥാനത്തിന് തൊട്ടടുത്താണ് പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞത്. പല പാര്‍ലമെന്റ് അംഗങ്ങളും ബാരിക്കേഡിന് മുകളില്‍ കയറി നില്ക്കുന്ന സാഹചര്യവുമുണ്ടായി. രണ്ടാം സ്വാതന്ത്ര്യ സമരമാണ് സംഘടിപ്പിക്കപ്പെടുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. എംപിമാര്‍ക്ക് പുറമേ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തിന്റെ ഭാഗമാണ്. പൊലീസ് തടഞ്ഞ ഇടത്ത് കുത്തിയിരുന്നാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുന്നത്. ഫോം ആറിലെ മാറ്റങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇന്നലെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാറ്റം വരുത്തുമെന്നും കോടതി പറഞ്ഞിരുന്നു.
ഫോം സിക്സിലെ മാറ്റത്തിന് സുപ്രീം കോടതിതിയുടെ അനുമതി ഉണ്ടെന്ന ഗ്യാനേഷ്കുമാറിന്റെ വാദമായിരുന്നു ഇതോടെ പൊളിഞ്ഞത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ഇല്ലാതെ പിന്നോട്ട് പോകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിലവില്‍ നടത്തിയ തെരഞ്ഞടുപ്പുകള്‍ റദ്ധാക്കണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡിവൈഎഫ്ഐ, ഐസ, എസ്എഫ്ഐ, എന്എസ്യുഐ, എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. സിജെപി മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്എഫ്ഐയും സിജെപിയും ഒക്ടോബര്‍ 10ന് വീണ്ടും ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Content Highlights: India Alliance MPs staged a protest march in New Delhi seeking the resignation of Chief Election Commissioner Gyanesh Kumar. The march began at the Parliament gate and moved towards the Election Commission headquarters, with Rahul Gandhi, Priyanka Gandhi, K C Venugopal, Supriya Sule, Akhilesh Yadav and Mallikarjun Kharge among the opposition leaders participating.