'മോദിയുടേത് ആസൂത്രിത കീഴടങ്ങല്‍'; മോദി-ഷി ജിന്‍ പിങ് കൂടിക്കാഴ്ചയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ലഡാക്കിലെയും അരുണാചല്‍ പ്രദേശിലെയും ചൈനീസ് കടന്നുകയറ്റങ്ങളെ സര്‍ക്കാര്‍ നിശബ്ദമായി അംഗീകരിക്കുന്നെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: മോദി - ഷി ജിന്‍ പിങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. മോദിയുടേത് ആസൂത്രിത കീഴടങ്ങല്‍ എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനയ്ക്ക് പ്രധാനമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റ് രാജ്യത്തിന്റെ വിലപേശല്‍ ശേഷി ദുര്‍ബലപ്പെടുത്തി എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തിയത്. ലഡാക്കിലെയും അരുണാചല്‍ പ്രദേശിലെയും ചൈനീസ് കടന്നുകയറ്റങ്ങളെ സര്‍ക്കാര്‍ നിശ്ശബ്ദമായി അംഗീകരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്താന് ചൈന നല്‍കിയ പിന്തുണ സംബന്ധിച്ച നിലപാടില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു എന്നും ജയറാം രമേശ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ-ചൈന ബന്ധങ്ങളുടെ വികസനത്തിന് അതിര്‍ത്തിയിലെ ശാന്തത അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ജയറാം രമേശിന്റെ പ്രതികരണം. ഉഭയകക്ഷി ബന്ധങ്ങളിലെ സ്ഥിരമായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍, ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാന്‍ അനുവദിക്കരുതെന്നും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

2020 ജൂണ്‍ 15-16 തീയതികളില്‍ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു 45 വര്‍ഷത്തിനിടെ അതിര്‍ത്തിയിലുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ ആള്‍നാശമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നിട്ടില്ലെന്ന് 2020 ജൂണ്‍ 19-ന് മോദി നടത്തിയ പ്രസ്താവന ഇന്ത്യയുടെ വിലപേശല്‍ ശേഷി ദുര്‍പ്പെടുത്തിയോ എന്ന് ജയറാം രമേശ് ചോദിച്ചത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതിര്‍ത്തി കടന്നുള്ള മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പട്രോളിംഗ് പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നഷ്ടപ്പെട്ടത്, സ്ഥലങ്ങളുടെ പേരുമാറ്റം, 'തെക്കന്‍ ടിബറ്റ്' സംബന്ധിച്ച അവകാശവാദങ്ങള്‍, ബ്രഹ്‌മപുത്ര നദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 60,000 മെഗാവാട്ട് ശേഷിയുള്ള മെഡോംഗ് അണക്കെട്ട് എന്നിവയെ കുറിച്ചും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിച്ചു.

'ഓപ്പറേഷന്‍ സിന്ദൂര്‍' വേളയില്‍ പാകിസ്ഥാനെ ചൈന പിന്തുണച്ച വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അയഞ്ഞുവെന്നാണ് ജയറാം രമേശ് കുറ്റപ്പെടുത്തിയത്. എന്തുകൊണ്ടാണ് 2025-26-ല്‍ ചൈനയുമായുള്ള വ്യാപാരക്കമ്മി റെക്കോര്‍ഡ് തുകയായ 112.6 ബില്യണ്‍ ഡോളറിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു. പാകിസ്താനെ സഹായിക്കുന്നതില്‍ ചൈനയ്ക്കുള്ള നിര്‍ണ്ണായകവും ആഴത്തിലുള്ളതുമായ പങ്കിനെക്കുറിച്ച് 2025 ജൂലൈ 4-ന് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിംഗ് നടത്തിയ വിലയിരുത്തല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഓഗസ്റ്റ് 25-ന് മുന്‍ സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ നടത്തിയ പരാമര്‍ശങ്ങളുമായി അതിനെ താരതമ്യം ചെയ്യുകയും ചെയ്തു. നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, ഇടനില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് അപകടകരമായ നിലയിലെത്തിയെന്ന് പറഞ്ഞ രമേശ്, 'മേക്ക് ഇന്‍ ഇന്ത്യ' 'ഇംപോര്‍ട്ട് ഫ്രം ചൈന' എന്നിവ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഈ സമീപനത്തെ അദ്ദേഹം 'സൂക്ഷ്മമായി ആസൂത്രണം ചെയ്ത കീഴടങ്ങല്‍' എന്നാണ് വിശേഷിപ്പിച്ചത്.

വ്യാപാരത്തിലെ ഘടനാപരമായ അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിപണിയിലേക്കുള്ള സുഗമവും പ്രവചനാതീതവുമായ പ്രവേശനം എന്നിവയെക്കുറിച്ച് മോദിയും ഷി ജിന്‍ പിങും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒപ്പം അതിര്‍ത്തി തര്‍ക്കത്തിന് നീതിയുക്തവും ന്യായമായതും പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണുന്നതിന് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള പ്രത്യേക പ്രതിനിധിതല ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള ഉന്നതതല കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് ഷിയുടെ സന്ദര്‍ശനം നടന്നത്. 2020-ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതിനെത്തുടര്‍ന്ന് 2024 ഒക്ടോബറില്‍ കസാനില്‍ വെച്ച് മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31-ന് ടിയാന്‍ജിനില്‍ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടയിലും മോദിയും ഷിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

Content Highlights: Congress general secretary Jairam Ramesh criticised the Modi government following the meeting between Prime Minister Narendra Modi and Chinese President Xi Jinping. Ramesh alleged that India’s bargaining position was weakened after the government’s stance following the Galwan clash and raised questions over China-related developments in Ladakh and Arunachal Pradesh. He also cited the growing trade deficit with China and its impact on Indian small industries

To advertise here,contact us