2029ന് മുന്‍പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: പ്രഖ്യാപനവുമായി അമിത് ഷാ

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഏകസിവില്‍ കോഡ് കൊണ്ടുവന്നിരുന്നു

ന്യൂഡല്‍ഹി: 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം നടപ്പാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു. 'മുത്തലാഖ് നിര്‍ത്തലാക്കപ്പെട്ടു, മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ചു. ബിജെപി-എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുമ്പ് ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

ഇതിനിടെ ഭാരതീയ ന്യായ സംഹിതയിലൂടെ സര്‍ക്കാര്‍ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതിലൂടെ നിരവധി സംസ്ഥാനങ്ങളില്‍ ഒറ്റ വര്‍ഷം കൊണ്ട് ശിക്ഷാ നിരക്കില്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ സുരക്ഷയെക്കുറിച്ച് പറയുമ്പോള്‍, ഒരു തുള്ളി രക്തം പോലും ചൊരിയാതെയും ഒരു വെടിയുണ്ട പോലും പൊട്ടാതെയുമാണ് ആര്‍ട്ടിക്കിള്‍ 370 ഉം 35എയും റദ്ദാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുമായി പൂര്‍ണ്ണമായും സംയോജിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ബിജെപി സർക്കാരുകൾ ഏകസിവില്‍ കോഡ് കൊണ്ടുവന്നിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജൂലൈയില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു.

അനന്തരാവകാശ നിയമം, ബഹുഭാര്യത്വം, വിവാഹ നിയമങ്ങള്‍, ലിവ് ഇന്‍ റിലേഷന്‍, ദത്തെടുക്കല്‍ തുടങ്ങിയ നിയമങ്ങളില്‍ ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ കാതലായ മാറ്റം വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, ഗോത്രവര്‍ഗക്കാരെ ഏക സിവില്‍ കോഡ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമാകില്ല.

ഏകീകൃത സിവില്‍ കോഡ് പ്രകാരം എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്മാര്‍ക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. മതപരമായ ആചാരങ്ങള്‍ അനുസരിച്ച് വിവാഹം നടത്താം. എന്നാല്‍ 60 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം. സൈനികര്‍ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകളുണ്ടായിരിക്കും. ബഹുഭാര്യത്വ-ബഹുഭര്‍തൃത്വ നിരോധനവും ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരും. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാന്‍ നിമയം അനുവദിക്കുന്നില്ല. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ബാധകമായിരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് മറ്റ് ചില പ്രധാന ഘടകങ്ങള്‍. വിവാഹ മോചനത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാകുക ഒരേ നിയമമാകും. മാത്രമല്ല പുരുഷനും സ്ത്രീയ്ക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഒരു പോലെയായിരിക്കും.

104 പേജുള്ള ബില്ലില്‍ ലിവ്-ഇന്‍ റിലേഷന്‍ സംബന്ധിച്ചും നിര്‍ണായക വ്യവസ്ഥകളുണ്ട്. പങ്കാളികള്‍ താമസിക്കുന്ന ജില്ലയില്‍ തന്നെ തങ്ങളുടെ ബന്ധം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നു. ലിവ് ഇന്‍ റിലേഷന്‍ ബന്ധം വേര്‍പിരിയുകയാണെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കണം. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് വിവാഹിതരെ പോലെ ജീവനാംശത്തിനുള്ള അവകാശവും ബില്ല് ഉറപ്പുനല്‍കുന്നു.

Content Highlights: Amit Shah announces Uniform Civil Code will be implemented in NDA-ruled states before 2029, bringing major legal reforms in marriage, inheritance, and relationships

To advertise here,contact us