ഭോപ്പാല്‍: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദിപ്കെയ്ക്കെതിരെ പ്രതിഷേധം. ആദിവാസി കുട്ടികള്‍ മരിച്ച മധ്യപ്രദേശിലെ ബലഘാട്ടില് എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. രാഷ്ട്രീയ നേട്ടത്തിന് വന്നതാണോ എന്ന് ചോദിച്ചായിരുന്നു ഒരുകൂട്ടം ആളുകള്‍ അഭിജീത്തിന് നേരെ വന്നത്. ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചവരാണ് ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാംക്രമിക രോഗങ്ങള്‍ ബാധിച്ചായിരുന്നു ബലഘാട്ടില് നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍ മരിച്ചത്. എന്നാല്‍ അവിടെ എത്താന്‍ വൈകിയതിന് മാപ്പ് പറയുന്ന ദീപ്കെയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രദേശത്ത് 30-ലധികം കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും 50 കിടക്കകള്‍ മാത്രമുള്ള ആശുപത്രിയില്‍ 400-ഓളം കുട്ടികള്‍ ചികിത്സയിലാണെന്നും ആരോപിച്ചുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, ബാലാഘട്ട് ജില്ലാ കളക്ടര്‍ എന്നിവര്‍ക്കടക്കം ഹൈക്കോടതി നോട്ടീസ് അയച്ചത്. പ്രദേശത്ത് വ്യാപകമായ അഴുക്കും മാലിന്യവും ഉണ്ടെന്നും, ഈ സാഹചര്യങ്ങള്‍ അണുബാധയ്ക്ക് കാരണമാവുകയും രോഗങ്ങള്‍ മൂലം കുട്ടികള്‍ മരിക്കുന്നത് തുടരുകയുമാണെന്നും ഹര്ജിക്കാരന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. അണുബാധ മൂലം മരിച്ചുവെന്ന് പറയപ്പെടുന്ന ആദിവാസി കുട്ടികളുടെ കുടുംബങ്ങളെ കാണുന്നതിനും പ്രാദേശിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായാണ് ദിപ്കെ ശനിയാഴ്ച അഡോരി, കോര്‍ക്ക, ബോണ്ടാരി എന്നീ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചത്.
ഇന്‍ഫ്ളുവന്‍സര്‍ എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ ദീപ്കയുടെ മുഖത്തേക്ക് മൈക്ക് നീട്ടിയ ശേഷം നിങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് വന്നതാണോ എന്ന് ചോദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവിടെ എത്താന്‍ വൈകിയതില്‍ ദീപ്കെ ക്ഷമ ചോദിക്കുന്നതും കേള്‍ക്കാം. ഇവിടെ നല്ലൊരു റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ?' എന്ന് ആ സ്ത്രീ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. സാഹചര്യം വഷളായതോടെ, ദിപ്കെയുടെ കൂടെയുണ്ടായിരുന്ന സിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ കയറ്റി അവിടെ നിന്ന് കൊണ്ടുപോവുകയായിരുന്നു.
ദീപ്കെ അവിടെ നിന്ന് പോയപ്പോള്‍, 'അദ്ദേഹം ഓടിപ്പോയി, അദ്ദേഹം ഓടിപ്പോയി' എന്ന് ആ സ്ത്രീ പറയുന്നതും വീഡിയോയിലുണ്ട്. പുറത്തുനിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ ഈ സംഘം ഉള്‍നാടന്‍ ഗ്രാമത്തില്‍ എത്തിയത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും, സിജെപി സ്ഥാപകന്റെ സന്ദര്‍ശനം തടസ്സപ്പെടുത്താനായി ആരെങ്കിലും അവരെ അയച്ചതാണോ എന്ന് സംശയിക്കുന്നതായും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
Content Highlights: Cockroach Janta Party founder Abhijit Dipke reportedly faced protests during his visit to Balaghat in Madhya Pradesh, where tribal children had reportedly died. A group of people questioned whether his visit was aimed at gaining political mileage. National media reports said those questioning Dipke identified themselves as influencers.