കാർ നയതന്ത്രം 4.O; വീണ്ടും പുടിനൊപ്പം ഒരേ കാറിൽ മോദിയുടെ യാത്ര

ബ്രിക്‌സ് ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നരേന്ദ്ര മോദിയും പുടിന്റെ ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

ന്യൂഡല്‍ഹി: സാധാരണയായി ലോകനേതാക്കള്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നത് ഔപചാരികമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്നുകൊണ്ടാണ്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ കാറില്‍ വച്ചും ആകാമെന്ന് നയതന്ത്രരീതി വീണ്ടും ആവർത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം അനൗപചാരിക ചര്‍ച്ചകളെ ഇന്ത്യ ഉപയോഗപ്പെടുത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നരേന്ദ്ര മോദിയും പുടിന്റെ റഷ്യൻ നിർമ്മിത ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെയും മോദി പുടിനൊപ്പം ഇതേ കാറില്‍ യാത്ര ചെയ്തിരുന്നു. ഇത് നാലാമത്തെ തവണയാണ് ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നത്.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഭാരത് മണ്ഡപത്തിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ പ്രദര്‍ശനത്തിലേക്കാണ് ഇരുവരും പുടിന്റെ റഷ്യന്‍ നിര്‍മിത കവചിത ലിമോസിനില്‍ ഒരുമിച്ച് പോയത്. പുടിന്‍ തന്നെയാണ് പ്രധാനമന്ത്രി മോദിയെ ഒരുമിച്ച് യാത്ര ചെയ്യാന്‍ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് ഇരുവരും ഒരുമിച്ച് പോകാന്‍ പുടിന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഇരുനേതാക്കളും ഏകദേശം ഒരു മണിക്കൂറോളം സ്വകാര്യ സംഭാഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്റെ ഉച്ചകോടിക്കിടെയായിരുന്നു പുടിന്റെ ആഢംബര ഓറസ് സെനറ്റ് കാറില്‍ മോദി യാത്ര ചെയ്തത്. പിന്നീട് പുടിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ മോദിയുടെ ടൊയോട്ട ഫോര്‍ചൂണറില്‍ യാത്ര ചെയ്തതും ശ്രദ്ധേയമായിരുന്നു. കാര്‍പൂള്‍ നയതന്ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സമീപനം അന്ന് ഒരു നയതന്ത്ര ട്രേഡ്മാര്‍ക്ക് എന്ന പേരില്‍ ശ്രദ്ധ നേടിയിരുന്നു.

2025 ഡിസംബറിലും മോദി പ്രോട്ടോക്കോള്‍ മറികടന്ന് പാലം വിമാനത്താവളത്തിലെത്തി പുടിനെ നേരിട്ട് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് കാറില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗിലെത്തി സ്വകാര്യ അത്താഴത്തില്‍ പങ്കെടുത്തു. ഏറ്റവും ഒടുവില്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ഒരുമിച്ച് കാറില്‍ യാത്ര ചെയ്തിരുന്നു.

പുടിനുമായി മാത്രമല്ല, മറ്റ് ലോകനേതാക്കളുമായും മോദി ഒരേ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. 2025 അവസാനം എത്യോപ്യയിലേക്കും ജോര്‍ദാനിലേക്കും മോദി നടത്തിയ സന്ദര്‍ശനങ്ങളിലും കാര്‍ യാത്രകള്‍ ചര്‍ച്ചയായിരുന്നു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലേക്ക് ആദ്യ സന്ദര്‍ശനം നടത്തിയ മോദിയെ സ്വീകരിക്കാനായി പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തുകയായിരുന്നു. ശേഷം എത്യോപ്യന്‍ പ്രധാനമന്ത്രി സ്വന്തം കാറില്‍ മോദിയെയും കൂട്ടി ഹോട്ടലിലേക്ക് പോവുകയായിരുന്നു. എത്തിയോപ്യയില്‍ എത്തുന്നതിനു മുന്‍പ് ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമനും പ്രധാനമന്ത്രി മോദിയെ തന്റെ കാറിലാണ് ഒപ്പം കൂട്ടിയത്.

നേരത്തെ 2014-ല്‍, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ സ്മാരകം സന്ദര്‍ശിക്കാനായി അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമ തന്റെ സ്‌ട്രെച്ച് ലിമോസിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. അന്ന് അവര്‍ 10-12 മിനിറ്റ് ആ കാറില്‍ യാത്രയും ചെയ്തു.

തീര്‍ന്നില്ല, അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ആയി മികച്ച സുഹൃത്ത് ബന്ധമുണ്ടായിരുന്ന മോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോയില്‍ മാരുതി സുസുക്കി ജിപ്സിയില്‍ ആബെയോടൊപ്പം യാത്ര നടത്തിയതും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവരുടെ ഔദ്യോഗിക മീറ്റിങുകളില്‍, പ്രത്യേകിച്ച് 2017 ലും 2018 ലും, ഒരേ കാറില്‍ പലതവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്.

Content Highlights: PM Modi and Putin’s latest car ride highlights India’s growing ‘carpool diplomacy’, with informal conversations playing a key role in strengthening diplomatic ties

To advertise here,contact us