ബെംഗലൂരു: സിജെപി പ്രവര്‍ത്തകരുടെ പരിശോധനയ്ക്ക് പിന്നാലെ ബെംഗളൂരിലെ സ്കൂളുകളുടെ അറ്റ കുറ്റപ്പണികള്‍ ആരംഭിച്ചു. വര്‍ത്തൂര്‍ സര്‍ക്കാര്‍ ഉര്‍ദു സ്കൂളിലാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നത്. ഇന്നലെയാണ് സിജെപി സഹകണ്‍വീനര്‍ ആശുതോഷ് റങ്ക സ്കൂള്‍ സന്ദര്‍ശിച്ചിരുന്നത്. മേല്‍ക്കൂര അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് സ്കൂളിലെ 70 ശതമാനം ക്ലാസ് മുറികളും അടച്ചിട്ടിരുന്ന നിലയിലായിരുന്നു. അപകടാവസ്ഥയിലുള്ള ക്ലാസ് മുറികളിലും ഇരുന്ന് കുട്ടികള്‍ പഠിക്കുന്നതായി സിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു സ്കൂളിന് എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്ത്തിക്കാനാകുകയെന്നും അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ സംബന്ധിച്ച് യാതൊരും ഉത്തരവാദിത്തവുമില്ലേ എന്നും സിജെപി വിമര്‍ശനമുയര്‍ത്തിയിരുന്നു. 150 വിദ്യാര്‍ഥികള്‍ നിലവില്‍ രണ്ട് ക്ലാസ് മുറികളിലായാണ് പഠിക്കുന്നതെന്നും റങ്കയുടെ ആരോപണമുണ്ടായിരുന്നു. സ്കൂളില്‍ ആറ് അധ്യാപകരുണ്ടെങ്കിലും സ്ഥിരം അധ്യാപകര്‍ മൂന്ന് പേര് മാത്രമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിജെപി സര്‍ക്കാരിനോട് ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നത്.
കൂടാതെ കൈക്കൊണ്ട്രഹള്ളിയിലെ സ്കൂളില്‍ എട്ട് അധ്യാപകരില്‍ ഏഴ് പേരെ എസ്ഐആര്‍ ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് സിജെപി പറഞ്ഞിരുന്നു. യശ്വന്ത്പുരയിലെയും ജെ പി നഗറിലെയും സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ മൂന്ന് മാസമായി 50 ശതമാനത്തിലധികം അധ്യാപകരെയാണ് എസ്ഐആര്‍ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ മാത്രം 200ലധികം സ്കൂളുകളിലാണ് സിജെപി സന്ദര്‍ശനം നടത്തിയത്.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പയെ അശുതോഷ് റങ്ക നേരിട്ട് കാണുകയും സിജെപി കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ അനുകൂലമായ നടപടികള്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നാലെ സ്കൂളുകളില്‍ അറ്റകുറ്റപ്പണി നടക്കുന്ന വീഡിയോ റങ്ക എക്സില്‍ പങ്കുവെച്ചു. പല സ്കൂളുകളില്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വൃത്തിയുടെ കാര്യത്തില്‍ ആശങ്ക നിലനില്ക്കുന്നു എന്ന് റങ്ക വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശൗചാലയങ്ങള്‍, മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍, പരിസര മലിനീകരണം എന്നിവ പ്രാധാന്യത്തോടെ കണണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
Content Highlights: Repair work has begun at Bengaluru's Varthur Government Urdu School following a CJ(P) inspection that highlighted serious safety concerns. Around 70% of the classrooms had reportedly been closed due to the unsafe roof, while students were studying in limited classrooms. The group had urged the government to ensure student safety.