ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ; കർണാടക മന്ത്രിയുടെ വസതിയിൽ ED പരിശോധന

2013- 16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി

ബെംഗളുരു: ബാര്‍ ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ കര്‍ണാടക പിഡബ്ല്യുഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ വസതിലടക്കം പതിനെട്ടോളം ഇടങ്ങളില്‍ ഇ ഡി റെയ്ഡ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായാണ് പരിശോധന പുരോഗമിക്കുന്നത്. പതിനെട്ടോളം ബാറുകള്‍ക്ക് അനധികൃതമായി ലൈസന്‍സ് അനുവദിക്കുന്നതിന് ജാര്‍ക്കിഹോളി സഹായിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചുവെന്നുമാണ് ആരോപണം. 2013- 16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി. കര്‍ണാടകയില്‍ ബെംഗളുരുവിലെ അഞ്ചിടങ്ങളിലും ബെലഗാവിയിലും ഇ ഡി പരിശോധന നടത്തി.

ജാര്‍ക്കിഹോളിയുടെ ഭാര്യാസഹോദരന്‍ മഞ്ജുനാഥിന്റെ വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിലെ ക്രമക്കേടില്‍ മുമ്പും ഇയാള്‍ക്കെതിരെ ഇ ഡി നടപടി ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്നു കോടിയോളം വിദേശ ഫണ്ട് കണ്ടെത്തിയിരുന്നു. കര്‍ണാടക എക്‌സൈസ് വകുപ്പിലെ ക്രമക്കേട് ആരോപങ്ങളില്‍ നടത്തിവന്ന പരിശോധനകളുടെ ഭാഗമായാണ് വീണ്ടും ഇ ഡി നടപടി. ലൈസന്‍സുകള്‍ അനുവദിച്ചതിലൂടെ ആരോപണവിധേയര്‍ പണം സമ്പാദിച്ചോയെന്നും ആ പണം വെളുപ്പിച്ച് വിദേശത്തേക്ക് കടത്തിയോയെന്നും ഇ ഡി പരിശോധിക്കും. സാമ്പത്തിക തിരിമറിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് റെക്കോര്‍ഡുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. മന്ത്രിയുടെ മകളും ചിക്കോടി ലോക്‌സഭ എംപിയുമായ പ്രിയങ്ക ജാര്‍ക്കിഹോളിയുടെ വസതിയിലും ഇ ഡി പരിശോധന നടത്തിയിട്ടുണ്ട്.

Content Highlights: The Enforcement Directorate conducted searches at premises linked to Karnataka PWD Minister Satish Jarkiholi as part of an investigation into alleged corruption in the state Excise Department

To advertise here,contact us