വിജയ്‌യുടെ ആരോപണത്തിൽ തമിഴ്നാട് നിയമസഭയിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ; പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യം

എം കരുണാനിധി, എംകെ സ്റ്റാലിന്‍ സര്‍ക്കാരുകള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നും അഴിമതി നടത്തിയെന്നുമുള്ള വിജയ്‌യുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അഴിമതി ആരോപണത്തെ ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം. മുന്‍ സര്‍ക്കാരിനെതിരായ പരാമര്‍ശം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എമാര്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിജയ്‌യുടെ ആരോപണം ടിവികെ മന്ത്രിമാര്‍ ആവര്‍ത്തിച്ചു. അതേസമയം, പുതിയ ഓഫീസിനായി ആറുകോടി രൂപ അനുവദിച്ചതിലും വിവാദം കടുക്കുകയാണ്.

എം കരുണാനിധി, എം കെ സ്റ്റാലിന്‍ സര്‍ക്കാരുകള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നും അഴിമതി നടത്തിയെന്നുമുള്ള വിജയ്‌യുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. രാവിലെ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഡിഎംകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ സഭയില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം അറിയിച്ചു. പൊതുമധ്യത്തിലുള്ള വിവരങ്ങളാണ് വിജയ് പങ്കുവെച്ചതെന്നും തെറ്റില്ലെന്നും ടിവികെ മന്ത്രിമാര്‍ മറുപടി നല്‍കി. ടിവികെ വാദം സ്പീക്കര്‍ അംഗീകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലേക്ക് എത്തി. ഈ സമയം മുഖ്യമന്ത്രി ജോസഫ് വിജയ്‌യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സഭയില്‍ ഉണ്ടായിരുന്നില്ല. മുദ്രാവാക്യങ്ങളുമായി നടുത്തളത്തില്‍ കുത്തിയിരുന്ന പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറിന്റെ നിര്‍ദ്ദേശപ്രകാരം വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി ബലമായി സഭയില്‍ നിന്ന് നീക്കി.

സഭയ്ക്ക് പുറത്തും വിജയിക്കെതിരെ മുദ്രാവാക്യങ്ങളുമായി ഡിഎംകെ എംഎല്‍എമാര്‍ നിലയുറപ്പിച്ചു. അതിനിടെ വിജയിയുടെ പുതിയ ഓഫീസിനായി കോടികള്‍ ചിലവഴിക്കുന്നതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പുതിയ ഓഫീസ് സജ്ജമാക്കാനായി 6.17 കോടി രൂപ അനുവദിച്ചെന്ന് വിവരാവകാശ അപേക്ഷയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ നികുതി തുക മുഖ്യമന്ത്രി ആഡംബരത്തിനായി ചെലവഴിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ആരോപിച്ചു.

Content Highlights: Tamil Nadu Assembly witnessed a heated protest after Chief Minister Joseph Vijay’s allegations against previous DMK governments triggered a confrontation, while the ₹6.17 crore allocation for his new office also drew sharp criticism from the opposition and BJP

To advertise here,contact us