ഡല്‍ഹി ഹോസ്റ്റല്‍ അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കോളേജുകൾ, താത്കാലിക താമസവും ഭക്ഷണവും ഒരുക്കും

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിന് പിന്നാലെ പരിസരത്തെ ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് താമസം ഒഴിയേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കോളേജുകള്‍. സമീപത്തെ ഡല്‍ഹി യൂണിവേഴ്സിറ്റി കോളേജുകളില്‍ താത്കാലിക സൗകര്യമൊരുക്കുമെന്ന് അറിയിച്ചു. ഭക്ഷണവും, താത്കാലിക താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയാണ് ഡല്‍ഹി കോളേജിലെ പേയിങ് ഗസ്റ്റുകള്‍ക്കായി ഉപയോഗിച്ചിരുന്ന കെട്ടിടം ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. ഇടുങ്ങിയ കെട്ടിടങ്ങളും ചെറിയ മുറികളും നിറഞ്ഞ പ്രദേശമായിരുന്നു ഇത്. ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തതും പഴകിയ ഫര്‍ണിച്ചറുകളും ഈര്‍പ്പമുള്ള ചുവരുകളും പുറത്തേക്ക് ഇടുങ്ങിയ വഴികളുമുള്ള നിലയിലാണ് പ്രദേശത്തെ പല താമസസൗകര്യങ്ങളുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഏഴ് പേരായിരുന്നു ദുരന്തത്തിൽ മരിച്ചത്. കെട്ടിട ഉടമയായ മുന്‍ വ്യോമസേനാ സര്‍ജന്റ് ഹരിറാം ബന്‍സാലിനെ രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഉര്‍മിള ഗുപ്ത (75), മകന്‍ മഹേഷ് ഗുപ്ത (52) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്‍സാലിനെയും ഭാര്യയെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന മകനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. നാല് മാസത്തിനിടെ ഡല്‍ഹിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ വലിയ കെട്ടിട തകര്‍ച്ചയാണിത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്ത് നിരവധി ഇടുങ്ങിയ കെട്ടിടങ്ങളുണ്ട്. വിവിധ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ഔദ്യോഗിക താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇത്തരം പേയിങ് ഗസ്റ്റ് താമസസൗകര്യങ്ങളെ ആശ്രയിക്കുന്നത്.

അനധികൃതമായി അധികം നിലകള്‍ സ്ഥാപിച്ചതാണ് സത്യ നികേതനിലെ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കെട്ടിടത്തിന്റെ അടിത്തറയ്ക്ക് അധികഭാരം താങ്ങാനാകില്ലെന്ന് അറിഞ്ഞിട്ടും, കെട്ടിട ഉടമ ഹരിറാം ബന്‍സാലും സഹോദരനും ചേര്‍ന്ന് ഏകദേശം 50 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ നാല് അനധികൃത നിലകള്‍ കൂടി നിര്‍മിച്ചുവെന്നാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നത്.

Content Highlights: Delhi University colleges step in to support students following the Satya Niketan hostel collapse, offering temporary accommodation and food facilities to those forced to vacate unsafe buildings

To advertise here,contact us