ഡല്‍ഹി അപകടം: ഒരു കോടി നഷ്ടപരിഹാരം, പിജി മാഫിയക്കെതിരെ ക്രിമിനല്‍ അന്വേഷണം വേണം... 7 ആവശ്യങ്ങളുമായി സിജെപി

പിജി മാഫിയക്കെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്നതുൾപ്പടെ ഏഴ് ആവശ്യങ്ങളുമായാണ് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് രംഗത്തെത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി രംഗത്ത്. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 20 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും പിജി മാഫിയക്കെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്നും തുടങ്ങി ഏഴ് ആവശ്യങ്ങളുമായാണ് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് രംഗത്തെത്തിയിരിക്കുന്നത്.

ബലക്ഷയമുള്ള പിജികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്നും അടിയന്തരമായി സര്‍ക്കാര്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകള്‍ വിപുലീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് മറുപടി പറയണമെന്നും ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

രാജ്യത്തുടനീളമുള്ള പ്രത്യേകിച്ച് ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്‌കൂള്‍, കോളേജ്, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവയുടെ ഓഡിറ്റ് നടത്തണമെന്നും ഒപ്പം കമ്മിറ്റികളുടെ ഘടന, ദൈനംദിന പ്രതിവാര റിപ്പോര്‍ട്ടുകള്‍, പരിശോധിച്ച കെട്ടിടങ്ങള്‍, കണ്ടെത്തിയ നിയമലംഘനങ്ങള്‍, നല്‍കിയ നോട്ടീസുകള്‍, പൊളിച്ചുനീക്കല്‍ ഉത്തരവുകള്‍, ഉദ്യോഗസ്ഥര്‍ക്കും ഉടമകള്‍ക്കുമെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു.

യുവജനങ്ങളാണ് രാജ്യത്തിന്റെ ഭാവി. അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും സുരക്ഷിതമായ അന്തരീക്ഷം അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത്തരം പരിശോധനകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സൗരവ് ദാസ് ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള ഡല്‍ഹി സര്‍വകലാശാലയില്‍ നിലവിലുള്ള ഹോസ്റ്റല്‍ സൗകര്യം ഏകദേശം 7,000 പേര്‍ക്ക് മാത്രമാണെന്നും കൂടുതല്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കണമെന്നും സിജെപി ചൂണ്ടിക്കാട്ടി.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആണ്‍കുട്ടികള്‍ക്കുള്ള പിജിയായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ ഡേയ്‌സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കെട്ടിട ഉടമയെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

Content Highlights:  Delhi building collapse incident; CJP has raised seven demands, including one crore rupees in compensation

To advertise here,contact us