ഹോസ്റ്റൽ തകർന്ന സംഭവം: 'ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല'; സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ദേശീയ തലസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ എന്താണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തതെന്നും കോടതി ചോദിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അമ്പതോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന കാര്യമാണിതെന്നും ഭൂരിപക്ഷം പേരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകാമെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനെക്കാള്‍ ദുഃഖകരമായ അവസ്ഥയില്ലെന്ന് അഭിപ്രായപ്പെട്ട കോടതി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റെതാണ് നടപടി.

'നിങ്ങള്‍(സര്‍ക്കാര്‍)ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജീവിതത്തിന്റെ പടിവാതില്‍ നില്‍ക്കുന്ന അമ്പത് ചെറുപ്പക്കാര്‍. അവരില്‍ പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകും, ഇതിലും ദുഃഖകരമായ മറ്റൊരു കാര്യമുണ്ടാകില്ല'- കോടതി പറഞ്ഞു. പിജി അക്കോമഡേഷനുകള്‍/ ഹോസ്റ്റലുകള്‍ എന്നിവയുടെ ഘടനാപരമായ പരിശോധന നടത്തണമെന്നും കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അങ്കിത് കുമാര്‍ ഗുപത് എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും എംസിഡിയുടെയും ഡല്‍ഹി സര്‍വ്വകലാശാലയുടെയും മറുപടി കോടതി ആരാഞ്ഞിട്ടുണ്ട്. സര്‍ക്കാരിനോടും അധികൃതരോടും ഇത്തരം പിജികളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്ന വ്യക്തമായ വിവരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എത്ര കുട്ടികള്‍ പ്രവേശനം നേടുന്നുണ്ടെന്നും എത്ര പേര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നുണ്ടെന്നും വിശദീകരിക്കണമെന്നാണ് ഡല്‍ഹി സര്‍വ്വകലാശാലയോട് കോടതിയുടെ നിർദ്ദേശം

മതിയായ അനുമതിയോടെയാണോ തകര്‍ന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നതെന്ന് ഉന്നതതല അന്വേഷണം നടത്തി കണ്ടെത്തണമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരമൊരു ദുരന്തമുണ്ടായതിന് പിന്നില്‍ ഏത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തണം. കൂടാതെ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് അറിയിക്കണമന്നും കോടതി പറഞ്ഞു. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ദേശീയ തലസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ എന്താണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തതെന്നും കോടതി ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിനും എംസിഡിക്കും ഡല്‍ഹി സര്‍ക്കാരിനും വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കോടതിയില്‍ ഹാജരായത്. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാണ് നടന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ആശങ്കയും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. പരിക്കേറ്റവരെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെയും പുറത്തെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ കോടതി നിര്‍ദ്ദേങ്ങൾ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി മറുപടി നല്‍കി.

Content Highlights: The Delhi High Court criticised the Delhi government over a hostel collapse incident, stating that the government cannot evade responsibility

To advertise here,contact us