ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അഞ്ചായി

രക്ഷാപ്രവർത്തനം ഒൻപതര മണിക്കൂർ പിന്നിട്ടു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അഞ്ചായി. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഒൻപതര മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അപകടം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഭാഗത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.

ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള കെട്ടിടമാണ് തകര്‍ന്നത്. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികൾ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളം, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്റ്റല്‍ സാധാരണയായി തിങ്ങിനിറഞ്ഞാണ് കാണപ്പെടുന്നത്. സ്ഥലത്തേയ്ക്കുള്ള വഴികളെല്ലാം ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രവൃത്തിദിനമായിരുന്നെങ്കില്‍ കൂടുതൽ പേർ അപകടത്തിൽപ്പെടുമായിരുന്നു. വാരാന്ത്യമായതിനാല്‍ പല കുട്ടികളും വീട്ടിൽ പോയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു,

മോത്തിലാല്‍ നെഹ്‌റു കോളേജ്, ആത്മാ റാം സനാതന്‍ ധര്‍മ്മ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരാണ് താമസക്കാരിലേറെയും. ഒരാളിൽ നിന്ന് 12,000 രൂപ വരെയായിരുന്നു വാടക ഈടാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അപകടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സലിനെതിരെ കേസെടുത്തിട്ടുണ്ട്.

അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും.

Content Highlights: The death toll in the Delhi building collapse has risen to four. Rescue operations are continuing at the site and have entered their eighth hour as authorities work to locate and assist those affected by the incident.

To advertise here,contact us