സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

വിശാല സംസ്ഥാന സമിതിയില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് രണ്ട് ദിവസത്തെ പിബി യോഗം. വിശാല സംസ്ഥാന സമിതിയില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്.

കേരളത്തിലേയും ബംഗാളിലേയും തിരുത്തല്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും. കേരളത്തിലെ മുന്നണിയിലെ തര്‍ക്കവും പിബി ചര്‍ച്ച ചെയ്‌തേക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി ചര്‍ച്ച ചെയ്യും. കേരളത്തിലും ബംഗാളിലും പാര്‍ട്ടി തിരുത്തല്‍ നടപടികളിലേക്ക് കടക്കാനിരിക്കെയുള്ള യോഗം പ്രധാനമാണ്. വിശദീകരണയോഗത്തിലെ പിണറായിയുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകുമോ എന്നതിലാണ് ആകാംക്ഷ.

പിണറായി വിജയന്റെ പരാമര്‍ശത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാല്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പിണറായി വിജയനെ പിന്തുണച്ചതോടെ ഈ വിഷയം ഉന്നയിക്കപ്പെടുമോ എന്നതിലാണ് ആകാംക്ഷയുള്ളത്. സിപിഐയെ കൂടെനിര്‍ത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാര്‍ട്ടിയിലെ ഭുരിപക്ഷാഭിപ്രായം.

അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ എല്‍ഡിഎഫില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. സിപിഐഎമ്മും സിപിഐയും തമ്മില്‍ ആദ്യം അനൗദ്യോഗിക ചര്‍ച്ച നടത്തും. നേതാക്കള്‍ തമ്മില്‍ പ്രാഥമിക ധാരണയുണ്ടാക്കാനാണ് നീക്കം. പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാമെന്ന സിപിഐഎമ്മിന്റെ ഫോര്‍മുലയും സിപിഐ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം.

Content Highlights: The CPM Politburo meeting begins in Delhi today, with the party's top leadership set to discuss key organisational and political issues.

To advertise here,contact us