കോയമ്പത്തൂര്‍: തമിഴിനാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ പരിഹസിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. അമേരിക്കയുടെ വരെ പ്രസിഡന്റാകാന്‍ പളനിസ്വാമിക്ക് കഴിയുമെന്നായിരുന്നു പരിഹാസം. പ്രധാനമന്ത്രിപദത്തിലേക്ക് വിജയ്യെ ഉയര്‍ത്തിക്കാട്ടി ടിവികെ നേതാക്കള്‍ പ്രചരണം നടത്തുന്നുണ്ട്. ഇതിനെതിരെയായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
'അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡന്റ് ആകാന്‍ പോലും കഴിയും. ട്രംപിന് പകരക്കാരനാകും. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്', എടപ്പാടി പളനിസ്വാമി പറഞ്ഞു. വിജയ് സര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നതിനെയും എടപ്പാടി കെ പളനിസ്വാമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
'അവര്‍ ഇവിടെ റീലുകള്‍' പുറത്തിറക്കിയാണ് സര്‍ക്കാരിനെ നയിക്കുന്നത്. അത് അവിടെ ഗുണമാകില്ല', എന്നായിരുന്നു പ്രതികരണം. വിജയ് ചെലവേറിയ മുഖ്യമന്ത്രിയാണെന്നും പളനിസ്വാമി ആരോപിച്ചു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചെലവുകളുമായി നിലവിലെ ഭരണകൂടത്തിന്റെ ചെലവുകള്‍ പളനിസ്വാമി താരതമ്യം ചെയ്തു. അമ്മയുടെ ഭരണകാലത്ത്, ചെലവ് ചുരുക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നതെന്നായിരുന്നു പളനിസ്വാമി പറഞ്ഞത്.
നിലവിലെ ഭരണത്തില്‍ പൂര്‍ണ്ണമായ പരാജയമുണ്ടായെന്ന് ആരോപിച്ച പളനിസ്വാമി കോയമ്പത്തൂരില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ ഏകദേശം ഒമ്പത് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
110 ദിവസത്തിനുള്ളില്‍ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നു. എവിടെ നോക്കിയാലും കൊലപാതകങ്ങളും കവര്‍ച്ചകളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവരികയാണ്. നിലവിലെ നിരക്കില്‍ കടം വാങ്ങുന്നത് തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അരി, പഞ്ചസാര, പാചക എണ്ണ എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനവ് എടുത്തുകാണിച്ച അദ്ദേഹം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.
Content Highlights: AIADMK general secretary Edappadi K Palaniswami mocks Tamil Nadu Chief Minister Joseph Vijay in his latest political remarks