ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. വാല്മീകി കോര്പ്പറേഷന് അഴിമതിക്കേസില്‍ ആരോപണവിധേയൻ ആയിരിക്കെ പ്രതിപക്ഷം ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജി. കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും ഗവര്‍ണര്‍ അനുമതി നല്കാന് ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി.
രാജി പ്രഖ്യാപിക്കുന്നതിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. താന്‍ ദളിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് നാഗേന്ദ്ര പറഞ്ഞു. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. രാജി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നാഗേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥാനമൊഴിയാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഞാന്‍ സ്വമേധയാ മന്ത്രിസ്ഥാനം രാജിവെക്കുന്നു' എന്നാണ് നാഗേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 'എനിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ട്. എനിക്കെതിരായ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപിയോട് ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അതിന് അവര്‍ തയ്യാറായില്ല. ബിജെപിക്ക് മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള താല്പര്യവും ആദിവാസി വിരുദ്ധ മനോഭാവവും ഉണ്ട്. താന്‍ ഒരു ദളിതനായതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത്'. നാഗേന്ദ്ര പറഞ്ഞു. തുടര്‍ന്ന് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെക്കുന്നതെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു.
നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കുകയായിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നടപടി ഉറപ്പായതോടെയാണ് വീണ്ടും രാജിയിലേക്ക് നീങ്ങിയത്.
Content Highlights: karnataka minister b nagendra resigns amid corruption allegations valmiki corporation scam