ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍ ജോലികള്‍ക്കായും കരാര്‍ ജോലികള്‍ക്കായും 15-20% അധിക നിയമനം നടത്തിയതായുള്ള ടീം ലീസ് സര്‍വീസസിന്റെ കണക്കുകള്‍ പുറത്തുവന്നു. ഷോപ്പിങ്, ഡെലിവറി, ഉപഭോക്തൃ ആവശ്യങ്ങള്‍ എന്നിവയില്‍ വലിയ വര്‍ധന പ്രതീക്ഷിച്ചാണ് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്.
ഇത്തവണത്തെ തൊഴില്‍ വര്‍ധന ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ശ്രദ്ധേയം. ടയര്‍2, ടയര്‍3 നഗരങ്ങളും പ്രധാന നിയമന കേന്ദ്രങ്ങളായി മാറുകയാണ്. അതേസമയം, ടയര്‍1 നഗരങ്ങളിലെ തൊഴിലാളികള്‍ക്ക് താരതമ്യേന കൂടുതല്‍ വേതനവും ലഭിക്കുന്നുണ്ട്.
കമ്പനികള്‍ വലിയ തോതില്‍ ആളുകളെ നിയമിക്കുന്ന രീതിയില്‍ നിന്ന് മാറുകയാണ്. പ്രത്യേകിച്ച് ഫ്രണ്ട്ലൈന് ജോലികള്‍ക്ക് ആവശ്യമായ കഴിവുകളുള്ളവരെയാണ് ഇപ്പോള്‍ കൂടുതലായി അന്വേഷിക്കുന്നത്. വന്‍തോതിലുള്ള നിയമനത്തില്‍ നിന്ന് കൃത്യമായ നിയമനത്തിലേക്ക് തൊഴിലുടമകള്‍ മാറുകയാണെന്നും ടീം ലീസ് സര്‍വീസസ് റിപ്പോര്‍ട്ട് പറയുന്നു. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ലോജിസ്റ്റിക്സ്, സംഘടിത റീട്ടെയില്‍, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ നിയമിച്ചത്.
രാജ്യത്ത് ഡെലിവറി തൊഴിലുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. ഉത്സവകാല തിരക്ക് മുന്നില്‍ക്കണ്ട് വെയര്‍ഹൗസുകളും ഫുള്‍ഫില്‍മെന്റ് സെന്ററുകളും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയാണ്. റീട്ടെയില്‍ സ്റ്റോറുകളില്‍ സ്റ്റോര്‍ അസോസിയേറ്റുകള്‍, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവുകള്‍, ഇന്‍-സ്റ്റോര്‍ പ്രമോട്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. ഡാര്‍ക്ക് സ്റ്റോറുകളില്‍ ഫുള്‍ഫില്‍മെന്റ് ജീവനക്കാരെയും ആവശ്യമുണ്ട്. വെയര്‍ഹൗസുകളില്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കും ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തൊഴിലാളികള്‍ക്കും ഡിമാന്റുണ്ട്.റിട്ടേണ്‍സ്, ക്വാളിറ്റി വിഭാഗങ്ങളിലും കമ്പനികള്‍ നിയമനം നടത്തുന്നു. അടിസ്ഥാന ഡിജിറ്റല്‍ അറിവും കൂടുതല്‍ പ്രവര്‍ത്തന ജോലികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള തൊഴിലാളികളെയാണ് കമ്പനികള്‍ കൂടുതലായി തേടുന്നത്.
പ്രാദേശിക ഉപഭോഗം വര്‍ധിക്കുന്നതിനൊപ്പം കമ്പനികള്‍ ടയര്‍2, ടയര്‍3 നഗരങ്ങളിലേക്കും നിയമനം വ്യാപിപ്പിക്കുകയാണ്. ലാസ്റ്റ് മൈല്‍ ഡെലിവറി, ലോജിസ്റ്റിക്സ്, സംഘടിത റീട്ടെയില്‍ മേഖലകളില്‍ ഇത് പ്രധാനമാണ്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടയര്‍2, ടയര്‍3 നഗരങ്ങളിലെ ഗിഗ് അവസരങ്ങള്‍ വേഗത്തില്‍ വളരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗിഗ് ജോബ് പോസ്റ്റിങുകളില് ഏകദേശം 55 ശതമാനം ഇത്തരം നഗരങ്ങളില്‍ നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് ഇത് ഏകദേശം 39 ശതമാനമായിരുന്നു.
ചെറിയ നഗരങ്ങളിലെ ക്വിക്ക് കൊമേഴ്സ് ഗിഗ് ജോബ് പോസ്റ്റിങുകള്‍ വര്‍ഷംതോറും 600 ശതമാനത്തിലധികമാണ് വളര്‍ച്ച പ്രകടമാക്കുന്നത്. ചെറിയ നഗരങ്ങളിലെ തൊഴിലാളികള്‍ക്ക് ഈ വളര്‍ച്ച താല്‍ക്കാലിക ഉത്സവകാല ജോലിക്ക് അപ്പുറത്തേക്കുള്ള അവസരങ്ങള്‍ നല്‍കും. മെട്രോ നഗരങ്ങളിലേക്ക് താമസം മാറ്റാതെ തന്നെ സ്വന്തം നാട്ടില്‍ ജോലി നേടാനുള്ള സാധ്യത ഇതിലൂടെ വര്‍ധിക്കുന്നു. ഉപഭോഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: India’s festive season is driving a 15–20% rise in hiring for gig and seasonal workers, with strong demand in delivery, e-commerce, quick commerce, logistics and retail. Tier-2 and Tier-3 cities are also emerging as major job markets